ന്യൂഡെൽഹി: എഫ്‌എംസിജി പ്രമുഖരായ ഐടിസിയുടെ 2022 മാർച്ച് പാദത്തിലെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,748.42 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 11.80 ശതമാനം വർധിച്ച് 4,190.96 കോടി രൂപയായി ഉയർന്നു. വിശകലന വിദഗ്ദ്ധരുടെ പ്രവചനത്തെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവച്ചത്. അതേപോലെ, ഈ പാദത്തിലെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 14,156.98 കോടി രൂപയിൽ നിന്ന് 16.02 ശതമാനം ഉയർന്ന് 16,426 കോടി രൂപയായി. കമ്പനിയുടെ ബോർഡ് 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഷെയറിന് 6.25 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തു.
കമ്പനിയുടെ സിഗരറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം 9.96 ശതമാനം വർധിച്ച് 6,443.37 കോടി രൂപയായി. നോൺ-സിഗരറ്റ് എഫ്എംസിജി വരുമാനം 12.32 ശതമാനം ഉയർന്നു 4,141.97 കോടി രൂപയായി. സിഗരറ്റ് ഇതര എഫ്എംസിജിയുടെ കാര്യത്തിൽ, മാർച്ചിൽ അവസാനിച്ച പാദത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 305.98 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 374.69 കോടി രൂപയായിരുന്നു.
കൂടാതെ ഈ കാലയളവിൽ കമ്പനിയുടെ ഹോട്ടൽ ബിസിനസ്സ് 35.39 ശതമാനത്തിന്റെ ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തി. അഗ്രി ബിസിനസിൽ നിന്നുള്ള വരുമാനം 29.60 ശതമാനം ഉയർന്നതായി കമ്പനി അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ഐടിസി ലിമിറ്റഡ്. എഫ്എംസിജി, ഹോട്ടലുകൾ, സോഫ്റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലുടനീളം ഐടിസിക്ക് വൈവിധ്യമാർന്ന സാന്നിധ്യമുണ്ട്.