
ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ മറികടന്ന് ഐടിസി രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി കമ്പനിയായി മാറി. 6.14 ലക്ഷം കോടി രൂപയാണ് ഐടിസിയുടെ വിപണിമൂല്യം. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണിമൂല്യം 6.08 ലക്ഷം കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസം ഐടിസി 497.70 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. അതേ സമയം ദുര്‍ബലമായ ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കഴിഞ്ഞ ദിവസം ശക്തമായ ഇടിവ് നേരിട്ടിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അഞ്ച് ശതമാനം ഇടിവാണ് നേരിട്ടത്. അതേ സമയം ഐടിസി കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1.3 ശതമാനം ഉയര്‍ന്നു. 2023ല്‍ ഇതുവരെ ഐടിസിയുടെ ഓഹരി വില 48 ശതമാനമാണ് ഉയര്‍ന്നത്.
അതേ സമയം ഇക്കാലയളവില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരി വില 1.3 ശതമാനം നേട്ടം മാത്രമാണ് രേഖപ്പെടുത്തിയത്. 2023ല്‍ ഇതുവരെ സെന്‍സെക്‌സ് 8.8 ശതമാനമാണ് മുന്നേറിയത്.
ഇതിന് മുമ്പ് 2019 മെയിലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിനേക്കാള്‍ ഐടിസിക്ക് വിപണിമൂല്യമുണ്ടായിരുന്നത്.