
ഡൽഹി: വരും വർഷങ്ങളിൽ വരുമാനത്തിൽ കാര്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എഫ്എംസിജി ഉൽപ്പന്നങ്ങളുടെ കയറ്റുമതി വിപുലീകരിക്കാൻ ഐടിസി ലിമിറ്റഡ് പദ്ധതിയിടുന്നതായി അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് പുരി പറഞ്ഞു. ബുധനാഴ്ച നടന്ന കമ്പനിയുടെ 111-ാമത് വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാരെ അഭിസംബോധന ചെയ്തുകൊണ്ട് എഫ്എംസിജി പോർട്ട്ഫോളിയോ വർദ്ധിപ്പിക്കാനും ഈ ലോകോത്തര ബ്രാൻഡുകളെ കൂടുതൽ വിദേശ വിപണികളിലേക്ക് കൊണ്ടുപോകാനും കമ്പനി ഉദ്ദേശിക്കുന്നതായി പുരി പറഞ്ഞു. നിലവിൽ, തങ്ങൾ ഇതിനകം 60 രാജ്യങ്ങളിൽ വിതരണ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും, ഇത് കാലക്രമേണ കയറ്റുമതി വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഐടിസിയുടെ എഫ്എംസിജി ഉൽപ്പന്നങ്ങൾ ഇപ്പോൾ രാജ്യത്തെ 70 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നുണ്ടെന്നും എഫ്എംസിജി ബ്രാൻഡുകളുടെ ഏറ്റവും വലിയ ഇൻകുബേറ്ററാണ് ഐടിസിയെന്നും പുരി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 110 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതായും, ഈ കാലയളവിൽ പുതിയ എഫ്എംസിജി ബിസിനസ് 24,000 കോടി രൂപയുടെ വാർഷിക വിറ്റ് വരവ് നേടിയതായും അദ്ദേഹം പറഞ്ഞു. ആശിർവാദ്, സൺഫീസ്റ്റ്, ബിങ്കോ തുടങ്ങിയ മെഗാ ബ്രാൻഡുകളെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഐടിസി അടുത്ത തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രോസൺ സ്‌നാക്ക്‌സ്, ഫ്‌ളോർ ക്ലീനർ തുടങ്ങിയ വിഭാഗങ്ങളിലെ നിക്ഷേപം തുടരുമെന്നും പുരി പറഞ്ഞു.