മുംബൈ: ഐടിഡി സിമന്റേഷന് പുതിയ ആഭ്യന്തര, അന്താരാഷ്ട്ര ഓർഡറുകൾ ലഭിച്ചു. ഏകദേശം 1,755 കോടി രൂപ മൂല്യമുള്ള മൂന്ന് പുതിയ ഓർഡറുകൾ നേടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ അറിയിപ്പിനെത്തുടർന്ന് ഐടിഡി സിമന്റേഷൻ ഇന്ത്യ ഓഹരി 1.63 ശതമാനം ഉയർന്ന് 115.65 രൂപയിലെത്തി.
കമ്പനിക്ക് ലഭിച്ച ആഭ്യന്തര ഓർഡറുകളിൽ ഒഡീഷയിലെ ധമ്ര തുറമുഖത്ത് ബെർത്ത്, യാർഡ് സൗകര്യങ്ങളുടെ നിർമ്മാണത്തിനുള്ള ഓർഡർ, ഗുജറാത്തിലെ ഹസിറ പ്ലാന്റിൽ കോക്ക് ഓവൻ പ്രൊജക്റ്റിനായുള്ള പൈലിങ് സിവിൽ വർക്കുകൾക്കുള്ള ഓർഡർ എന്നിവ ഉൾപ്പെടുന്നു.
അതേസമയം ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കുന്നതിനുള്ളതാണ് ഐടിഡി സിമന്റേഷന് ലഭിച്ച അന്താരാഷ്ട്ര ഓർഡർ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 7,900 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി കമ്പനി അറിയിച്ചു.
ഇന്ത്യയിൽ സിവിൽ, ഇൻഫ്രാസ്ട്രക്ചർ, ഇപിസി ബിസിനസ്സ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മുൻനിര എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് ഐടിഡി സിമന്റേഷൻ ഇന്ത്യ. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 68.03% ഉയർന്ന് 30.06 കോടി രൂപയായി വർധിച്ചിരുന്നു.