വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറുകോടിയുംകടന്ന് തലൈവരുടെ ജയിലര്‍. സിനിമ കാണുന്നത് ഓണ്‍ലൈന്‍ സ്ട്രീമിംഗിലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് ജനങ്ങളെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിച്ച സിനിമയാണ് ജയിലര്‍ എന്ന് നിസംശയം പറയാം.
സിനിമ റിലീസ് ആയ ദിവസം മുതല്‍ ദക്ഷിണേന്ത്യയിലെ തീയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ആരംഭിച്ച ‘തിരുവിഴ’ ഇന്നും തുടരുകയാണ്.
ആഗോളതലത്തില്‍ സിനിമ നേടിയ കളക്ഷന്നാണ് 500 കോടി കടന്നത്. റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമ തളര്‍ച്ചയില്ലാതെയാണ് മുന്നോട്ടുകുതിക്കുന്നത്.
സിനിമയുടെ ഇന്ത്യയിലുടനീളമുള്ള മൊത്തം വരുമാനം 262.15 കോടിയാണ്. ഈ തമിഴ് ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
റിലീസ് ചെയ്ത ആദ്യദിനം എല്ലാ ഭാഷകളിലുമായി 48.35 കോടി രൂപ വരുമാനമാണ് ചിത്രം നേടിയത്. ഇന്ത്യക്ക് പുറത്ത് ‘ജയിലര്‍’ 166.31 കോടിക്ക് തുല്യമായ 20 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് നേടിയതെന്ന് ഒരു ട്വീറ്റില്‍ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പറയുന്നു. ഇത് വിജയ് ചിത്രമായ ‘ബീസ്റ്റിന്റെ’ ലോകമെമ്പാടുമുള്ള 153.64 കോടി രൂപ എന്ന റെക്കാര്‍ഡിനെയാണ് മറികടന്നത്.
മനോബാല വിജയബാലന്‍ ഈ നേട്ടം എക്‌സില്‍ ജയിലര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം പങ്കുവെച്ചു. ‘2.0’, ‘പൊന്നിയിന്‍ സെല്‍വന്‍:(1) എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ ചേരുന്ന മൂന്നാമത്തെ തമിഴ് ചിത്രമായി ‘ജയിലര്‍’ മാറിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
500 കോടി ക്ലബില്‍ അതിവേഗമെത്തുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. നേരത്തെ 2.0 കേവലം ഏഴുദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചിരുന്നു. ജയിലര്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതിനായി 10 ദിവസമെടുത്തു.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിനു പുറമേ വിനായകന്‍, രമ്യാ കൃഷ്ണന്‍, വസന്ത് രവി, തമന്ന ഭാട്ടിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ് എന്നിവരും അതിഥി താരങ്ങളായി എത്തുന്നു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്.