മുംബൈ: റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ കമ്പനിക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 1998ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുന്നത്.
ഇന്ത്യയ്ക്ക് പുറമെ ചൈന, യു.എ.ഇ, ഉസ്‌ബെകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളും ജപ്പാന്റെ പട്ടികയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജപ്പാന്റെ ഭാഗത്ത് നിന്നും അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനിയുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇന്ത്യ, ചൈന, യുഎഇ, ഉസ്ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് മേല്‍ ഉപരോധം ചുമത്താന്‍ തീരുമാനിച്ചതായി ജാപ്പനീസ് ചീഫ് സെക്രട്ടറി യോഷിമാസ ഹയാഷിയെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
ഈ കമ്പനികള്‍ സൈനികേതര ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ റഷ്യ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
അതേസമയം, ഇന്ത്യന്‍ കമ്പനികള്‍ക്ക് മേല്‍ ജപ്പാന്‍ ഉപരോധമേര്‍പ്പെടുത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കും.
അടുത്തിടെ നടന്ന ജി-7 രാജ്യങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ നയതന്ത്ര ചര്‍ച്ച നടത്തിയിരുന്നു.
മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ അടക്കം ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വിശദീകരണമുണ്ടായിരുന്നു. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ ചര്‍ച്ച നടന്നതായി വിവരമില്ല.