
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് ഏറ്റെടുത്ത ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് (ജെകെസി)കടം തീര്‍ക്കാന്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) കൂടുതല്‍ സമയം അനുവദിച്ചു.
എസ്ബിഐയുമായുള്ള ഇടപാടുകള്‍ തീര്‍ക്കാനാണ് സമയം നീട്ടി നല്‍കിയത്. വിവിധ കടക്കാര്‍ക്കുള്ള കുടിശ്ശിക ആറ് മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ജനുവരിയില്‍ എന്‍സിഎല്‍ടി ജെകെസിയോടാവശ്യപ്പെട്ടിരുന്നു.
ജെകെസി നിക്ഷേപിച്ച 150 കോടി രൂപ ബാങ്ക് ഗ്യാരണ്ടി രൂപത്തിലാണെന്നും ഉടമസ്ഥാവകാശം കൈമാറുന്നതിന് മുന്‍പ് 185 കോടി രൂപ മുന്‍കൂറായി ലഭിക്കണമെന്നും വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കൈമാറല്‍ തീരുമാനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള വായ്പാദാതാക്കളുടെ ആവശ്യം എന്‍സിഎല്‍ടി തള്ളിയിരുന്നു. വായ്പ തുക ലഭ്യമല്ലാതിരുന്നതിനാല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്യണമെന്നായിരുന്നു വായ്പാദാതാക്കളുടെ ആവശ്യം.
പാപ്പരായതിനെ തുടര്‍ന്ന് 2019 ഏപ്രിലിലാണ് ജെറ്റെയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്. പിന്നീട് ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം എയര്‍ലൈനെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചു.