
കൊച്ചി: ഇന്ന് മുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി) നിര്‍ബന്ധം.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടിയിരുന്ന നിര്‍ദേശമാണ് സാവകാശം ആവശ്യപ്പെട്ട് എ.കെ.ജി.എസ്.എം.എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജൂലായ് ഒന്നിലേക്ക് നീട്ടിയത്.
കേരളത്തില്‍ ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലാണ് നിര്‍ദേശം ബാധകം. കേരളത്തില്‍ 7,000ഓളം സ്വര്‍ണ വ്യാപാരികള്‍ എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ടുണ്ട്. സ്വര്‍ണാഭരണത്തിലെ എച്ച്.യു.ഐ.ഡി മുദ്ര ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിര്‍ബന്ധമല്ല.
ഉപഭോക്താക്കള്‍ക്ക് എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണം മറിച്ച് വില്‍ക്കാനും പണയം വയ്ക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനും തടസ്സമില്ല. സ്വര്‍ണാഭരണത്തിന്റെ നിലവാരം, ബി.ഐ.എസ് ലോഗോ, ആറക്ക ആള്‍ഫാ ന്യൂമറിക് കോഡ് എന്നിവ അടങ്ങിയതാണ് എച്ച്.യു.ഐ.ഡി.
ബി.ഐ.എസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ കോഡ് സമര്‍പ്പിച്ചാല്‍ ആഭരണത്തിന്റെ പരിശുദ്ധി അടക്കമുള്ള വിവരങ്ങള്‍ ഉപഭോക്താവിന് അറിയാനാകും.
ഇന്ത്യയില്‍ ഇതിനകം എച്ച്.യു.ഐ.ഡി പതിപ്പിച്ചിട്ടുള്ള മൊത്തം സ്വര്‍ണാഭരണങ്ങളില്‍ 28-30 ശതമാനവും കേരളത്തിലാണ്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന കേരളത്തില്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ മൊത്തം വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. 200-250 ടണ്ണാണ് കേരളത്തില്‍ ശരാശരി ഒരുവര്‍ഷം വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ അളവ്.