മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (JFS), ബിഎസ്ഇ സൂചികയില്‍ നിന്ന് സെപ്റ്റംബര്‍ 1 ന് നീക്കം ചെയ്യപ്പെടും. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE) അറിയിച്ചതാണിത്. ”2023 സെപ്റ്റംബര്‍ 1 ന് രാവിലെ ഓഹരി വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് ജെഎഫ്എസ് എല്ലാ സൂചികകളില്‍ നിന്നും നീക്കം ചെയ്യപ്പെടും” ബിഎസ്ഇ അറിയിപ്പില്‍ പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിമെര്‍ജ് ചെയ്ത ധനകാര്യ ബിസിനസ്, സ്ഥാപനമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഓഗസ്റ്റ് 23 ന് കമ്പനി ഓഹരി നീക്കം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ ലോവര്‍ സര്‍ക്യൂട്ടില്‍ തുടര്‍ന്നതിനാല്‍ നടപടി നീട്ടിവച്ചു.
ഓഗസ്റ്റ് 31ന്, ഓഹരി മൂന്നാം ദിവസ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 5 ശതമാനം ഉയര്‍ന്ന് 242.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഈ സാഹചര്യത്തിലാണ് സ്‌റ്റോക്ക് നീക്കം ചെയ്യാന്‍ ബിഎസ്ഇ തീരുമാനിച്ചത്.
ന്യൂവമാ അള്‍ട്ടര്‍നേറ്റീവ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ജെഎഫ്എസിന് സെന്‍സെക്‌സില്‍ 1.1 ശതമാനം വെയ്‌റ്റേജാണുള്ളത് ഇത് ഏകദേശം 60 ദശലക്ഷം ഓഹരിളുടെ (ഏകദേശം 180 ദശലക്ഷം ഡോളര്‍) പാസിവ് വില്‍പനയിലേക്ക് നയിച്ചേക്കാം.
അതേസമയം, ജിയോ ഫിനാന്‍ഷ്യല്‍ നിഫ്റ്റി സൂചികകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നില്ല. അപ്പര്‍ സര്‍ക്യൂട്ടോ, ലോവര്‍ സര്‍ക്യൂട്ടോ ആകാതെ രണ്ട് ദിവസങ്ങളില്‍ തുടര്‍ന്നാല്‍ മാത്രമേ ഒഴിവാക്കലുണ്ടാകൂ.
ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 1നും ദിവസങ്ങളില്‍ വില പരിധി ലംഘനം ഉണ്ടായില്ലെങ്കില്‍, ഒഴിവാക്കല്‍ സെപ്റ്റംബര്‍ 4ന് നടക്കും.