ന്യൂഡല്‍ഹി: ഏപ്രിലില്‍ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുമായി പങ്കാളിത്തം സ്ഥാപിച്ച ശേഷം റിലയന്‍സിന്റെ ജിയോ സിനിമ മറ്റൊരു പ്രധാന സ്ട്രീമിംഗ് കരാറില്‍ ഒപ്പുവച്ചു. എന്‍ബിസി യൂണിവേഴ്സല്‍ മീഡിയയുമായുള്ള പങ്കാളിത്ത കരാറിലാണ് ജിയോ സിനിമ ഏര്‍പ്പെട്ടത്. പ്രീമിയം വിലനിര്‍ണ്ണയം അടുത്തിടെ ആരംഭിച്ച പശ്ചാത്തലത്തിലാണ് നീക്കം.
ഇതോടെ ഹോളിവുഡ് ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ പ്ലാറ്റ്‌ഫോമിനാകും.എതിരാളികളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ എന്നിവയെ നേരിടാനും കഴിയും. ഡൗണ്‍ടണ്‍ ആബി, സ്യൂട്ട്സ്, ദി ഓഫീസ് തുടങ്ങിയ ജനപ്രിയ ഷോകളിലേക്ക് പ്രവേശനം നല്‍കുന്ന ബഹു വര്‍ഷ കരാര്‍ ഒപ്പിട്ടതായി ജിയോ സിനിമയും എന്‍ബിസിയും അറിയിക്കുന്നു.
ജിയോ സിനിമ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുമായി സ്ട്രീമിംഗ് കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതോടെ ജനപ്രിയ ഷോകളായ സക്സഷന്‍, ഗെയിം ഓഫ് ത്രോണ്‍സ് എന്നിവ സ്വന്തമാക്കാനായി. പ്രീമിയം സ്പോര്‍ട്സ് ഉള്ളടക്കത്തിന് പുറമേ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ജനപ്രിയ പരിപാടികള്‍ വര്‍ദ്ധിപ്പിക്കുകയാണ് കമ്പനി.
റിലയന്‍സിന്റെ ഈ അഗ്രസീവ് നടപടികള്‍ ഒടിടി സ്ട്രീമിംഗ് രംഗത്ത് മത്സരം വര്‍ദ്ധിപ്പിക്കും.