
മുംബൈ: റിലയൻസിന്റെ പുതിയ കമ്പനി ഈവർഷം ഒക്ടോബറോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് യൂണിറ്റായ ജിയോ ഫിനാൻഷ്യൽ സർവീസസ് ആണ് ലിസ്റ്റിങ്ങിന് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, മെയ് 2ന് ഓഹരിയുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഈ വിഷയത്തിൽ റെഗുലേറ്റർമാരുമായി ചർച്ചകൾ നടത്തുകയാണ്.
സാമ്പത്തിക സേവന മേഖലയിലുള്ള സാന്നിദ്ധ്യം വർധിപ്പിക്കാൻ പുതിയ ലിസ്റ്റിങ് റിലയൻസിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ വയർലെസ് ഓപ്പറേറ്ററും, വലിയ റീടെയിലറുമായ റിലയൻസിന്റെ കൺസ്യൂമർ ഓപ്പറേഷൻസ് വർധിപ്പിക്കാനും ഓഹരിവിപണിയിലേക്കുള്ള കടന്നു വരവ് സഹായിക്കും.
റിലയൻസിന്റെ റീടെയിൽ, ടെലി കമ്മ്യൂണിക്കേഷൻ ബിസിനസുകൾ അഞ്ചു വർഷങ്ങൾക്കുള്ളിൽ ലിസ്റ്റ് ചെയ്യുമെന്ന് 20019 ൽ മുകേഷ് അംബാനി അറിയിച്ചിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ ബിസിനസുകളിൽ നിന്നും വേറിട്ട് മറ്റു മേഖലകൾക്ക് കമ്പനി പ്രാധാന്യം നൽകുന്ന സാഹചര്യമാണുള്ളത്.
ലിസ്റ്റിങ് സമയത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓരോ ഓഹരിക്കും ആനുപാതികമായി ജിയോ ഫിനാൻഷ്യൽ സർവീസിന്റെ ഒരു ഓഹരി ലഭിക്കുമെന്നാണ് കരുതുന്നത്.
ഈ വിഷയമുൾപ്പെടെ ലിസ്റ്റിങ് സംബന്ധമായ കാര്യങ്ങളിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വ്യക്തത ലഭിക്കും.