
സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസന പ്രവർത്തനങ്ങളിലും ജിയോ സജീവമാണ്.
അതേസമയം ടെലികോം കമ്പനികൾക്ക് മതിയായ സ്പെക്ട്രത്തിൻ്റെ ലഭ്യത ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിലവിലുള്ള ടെലികോം കമ്പനികളായ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വ്യവസായ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്.
5ജി സേവനങ്ങളും 6ജി സേവനങ്ങളും തടസ്സമില്ലാതെ നൽകുന്നതിനാണ് അധിക സ്‌പെക്‌ട്രം വേണമെന്ന ആവശ്യം കമ്പനികൾ ഉന്നയിക്കുന്നത്.
ഭാരത് 6G വിഷൻ
6ജി വിന്യാസത്തിൽ ഇന്ത്യ മുന്നിലെത്തണമെന്നത് പ്രധാനമന്ത്രിയുടെ സ്വപ്നങ്ങളിൽ ഒന്നു കൂടെയാണ്.
ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോം ചെന്നൈയിൽ പുതിയ ചിപ്പ് ഡിസൈൻ സെൻ്റർ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപ മുതൽമുടക്കിലാണ് പുതുതായി ഉദ്ഘാടനം ചെയ്ത കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
177.27 കോടി രൂപയാണ് നിക്ഷേപം. വൈഫൈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വയർലെസ് കണക്റ്റിവിറ്റി സൊല്യൂഷനുകൾക്ക് പ്രാധാന്യം നൽകും.
1,600 ടെക്നിക്കൽ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി സെമികണ്ടക്ടർ രൂപകൽപ്പനയ്ക്കും കമ്പനി വഴി തുറക്കും.
ഗവൺമെൻ്റിൻ്റെ ഭാരത് 6G വിഷൻ അനുസരിച്ച്, ഇന്ത്യയിലെ 6G യൂണിവേഴ്സിറ്റിക്കായുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്ന പരിപാടിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.