ഡൽഹി: ജിൻഡാൽ സ്റ്റെയിൻലെസിന്റെ ഉപഭോക്തൃ വിഭാഗ സബ്‌സിഡിയറിയായ ജെഎസ്എൽ ലൈഫ്‌സ്റ്റൈൽ, അതിവേഗം വളരുന്ന റെയിൽവേ കോച്ച് ബിസിനസിന്റെ അടിസ്ഥാനത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതിന്റെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. റെയിൽവേ കോച്ചുകൾ, മോഡുലാർ കിച്ചണുകൾ, വ്യാവസായിക ഉൽപന്നങ്ങൾ, പാത്രങ്ങൾ, ഗൃഹാലങ്കാരങ്ങൾ എന്നിവയ്ക്കുള്ള ഘടകങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾ സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് നിർമ്മിക്കുന്ന ജിൻഡാൽ സ്റ്റെയിൻലെസിന്റെ ഒരു ഡൗൺസ്ട്രീം ബിസിനസാണ് ജെഎസ്എൽ ലൈഫ്‌സ്റ്റൈൽ. ദൈനംദിന ഉൽപ്പന്നങ്ങൾക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നത് ജനകീയമാക്കുന്നതിനാണ് ഗ്രൂപ്പ് ഈ ബിസിനസ് സ്ഥാപിച്ചത്.
എല്ലാ വർഷവും 20% നിരക്കിൽ റെയിൽവേ ബിസിനസ്സ് വളരുമെന്ന് പ്രതീക്ഷിക്കുന്നതായും, മെട്രോ ട്രെയിനുകളിൽ ഉപയോഗിക്കുന്നതു പോലെ പുതിയ കാലത്തെ സ്റ്റെയിൻലെസ് സ്റ്റീൽ റെയിൽവേ കോച്ചുകൾ നിർമ്മിക്കാൻ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നതായും കമ്പനി പറഞ്ഞു. തങ്ങളുടെ വരുമാനം ഈ വർഷം 500 കോടി രൂപയിൽ എത്തുമെന്നും, ഇതിൽ ഏകദേശം മൂന്നിലൊന്ന് റെയിൽവേയിൽ നിന്ന് വരുമെന്നും കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ രാജേഷ് മൊഹത പറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റോഹ്‌തക്, പത്രേലി, ചെന്നൈ എന്നിവിടങ്ങളിലെ മൂന്ന് പ്ലാന്റുകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ ഉൽപ്പാദന യന്ത്രങ്ങളിലുള്ള നിക്ഷേപം വരുമാന വളർച്ചയെ നയിക്കുമെന്നും, ഇനിയും ചില പുതിയ ശേഷി കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമെന്നും മൊഹത പറഞ്ഞു.