
മുംബൈ: എംയൂഎഫ്ജി ബാങ്ക് ഇന്ത്യയിൽ നിന്ന് 400 കോടി രൂപ സമാഹരിച്ചതായി ജെഎസ്‌ഡബ്ല്യു സിമന്റ് അറിയിച്ചു. കമ്പനിയുടെ ആദ്യത്തെ സുസ്ഥിരതയുമായി ബന്ധപ്പെട്ട വായ്പയാണിത്.
സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള കമ്പനി അതിന്റെ വാർഷിക ശേഷി 25 ദശലക്ഷം ടൺ ആയി ഉയർത്തുന്നതിനായി നിക്ഷേപം നടത്താൻ ഈ ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ട ആദ്യത്തെ വായ്പ എന്നതിന് പുറമെ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിച്ച പുതിയ ഐഎഫ്എസ്സി യൂണിറ്റ് ശാഖയിൽ നിന്നുള്ള എംയൂഎഫ്ജി ബാങ്ക് ഇന്ത്യയുടെ ആദ്യത്തെ ഇടപാട് കൂടിയാണിത്.
2025 സാമ്പത്തിക വർഷത്തോടെ പ്രതിവർഷം 25 ദശലക്ഷം ടൺ ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ ഈ ഫണ്ടിംഗ് കമ്പനിയെ പ്രാപ്തമാക്കുമെന്നും. ഇത് പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) ലക്ഷ്യങ്ങളുടെ ഭാഗമാണെന്നുംജെഎസ്‌ഡബ്ല്യു സിമന്റ് മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡാൽ പറഞ്ഞു.
കർണാടകയിലെ വിജയനഗർ, ആന്ധ്രാപ്രദേശിലെ നന്ദ്യാൽ, പശ്ചിമ ബംഗാളിലെ സൽബോണി, ഒഡീഷയിലെ ജാജ്പൂർ, മഹാരാഷ്ട്രയിലെ ഡോൾവി എന്നിവിടങ്ങളിലെ യൂണിറ്റുകളിലായി നിലവിൽ കമ്പനിക്ക് 17 ദശലക്ഷം ടൺ ശേഷിയാണ് ഉള്ളത്. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ പ്രമുഖ സാമ്പത്തിക ഗ്രൂപ്പുകളിലൊന്നാണ് മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ്.