മുംബൈ: കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് ഒന്നിലധികം അത്യാധുനിക പരിഹാരങ്ങളും ഗവേഷണ-വികസന പദ്ധതികളും നടപ്പിലാക്കുന്നതിനായി ജർമ്മനി ആസ്ഥാനമായുള്ള എസ്എംഎസ് ഗ്രൂപ്പുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ.
ഉരുക്ക് നിർമ്മാണത്തിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കാൻ കമ്പനി ഇന്ത്യയിലെ ഇരുമ്പ്, ഉരുക്ക് നിർമ്മാണ പ്രവർത്തനങ്ങളിൽ 10,000 കോടി രൂപ നിക്ഷേപിക്കും. ധാരണാപത്രത്തിന് കീഴിൽ എസ്എംഎസ് ഗ്രൂപ്പ്, അതിന്റെ സാങ്കേതിക വിദഗ്ധരുടെ ഡിസൈൻ, എഞ്ചിനീയറിംഗ് കൺസൾട്ടൻസി, വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മീഷനിംഗ് എന്നിവ നൽകും.
2030-ഓടെ ഹരിതഗൃഹ വാതകം ഉദ്‌വമനം 42% കുറയ്ക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ ലക്ഷ്യമിടുന്നു. താപവൈദ്യുതിക്ക് പകരം പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, അതിന്റെ പ്രവർത്തനങ്ങളിൽ സ്റ്റീൽ സ്ക്രാപ്പിന്റെ ഉയർന്ന ഉപയോഗം, താഴ്ന്നതും ഇടത്തരം നിലവാരമുള്ളതുമായ ഇരുമ്പയിരിന്റെ ഗുണം വർദ്ധിപ്പിക്കുക എന്നി പദ്ധതികൾക്കായാണ് കമ്പനി നിക്ഷേപം നടത്തുന്നത്.