മുംബൈ: പ്രായോഗികമല്ലാത്ത ബിസിനസ്സ് സാഹചര്യങ്ങൾ കാരണം ചിലിയിലെ സാന്താ ഫെ മൈനിംഗിലെ കമ്പനിയുടെ മുഴുവൻ ഓഹരികളും വിൽക്കാൻ ഒരുങ്ങി വൈവിദ്ധ്യമാർന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ. ഓഹരി വിൽപ്പനയ്ക്കായി കമ്പനി ഡീഗോ കാൽവോ എസ്പിഎയുമായി ഒരു കരാറിൽ ഒപ്പുവച്ചു.
ഈ സംരംഭത്തിലെ ഓഹരി 700 ഡോളറിനാണ് വിൽക്കുന്നതെന്നും. കരാർ സെപ്റ്റംബർ 30-നകം പൂർത്തിയാകുമെന്നും ജെഎസ്ഡബ്ല്യു സ്റ്റീൽ റെഗുലേറ്ററി അപ്‌ഡേറ്റിൽ അറിയിച്ചു. കൂടാതെ നിശ്ചിത സമയത്തിനുള്ളിൽ ചിലിയിലെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കാൻ കമ്പനി പദ്ധതിയിടുന്നു.
മുംബൈ ആസ്ഥാനമായുള്ള ജെഎസ്ഡബ്ല്യു സ്റ്റീലിന് സാന്താ ഫെ മൈനിംഗിൽ 70 ശതമാനം ഓഹരിയുണ്ട്. 2008-ൽ കമ്പനി അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഇൻവേർഷൻസ് യൂറോഷ് ലിമിറ്റഡ് (ഐഇഎൽ) വഴിയാണ് സാന്താ ഫെ മൈനിംഗ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചത്. ജെവി സ്ഥാപനം വടക്കൻ ചിലിയിലെ ഖനികളിലെ ഇരുമ്പയിര് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
അതേസമയം സാന്റാ ഫെ മൈനിംഗിന്റെ ഏകീകൃത ആസ്തി നിലവിൽ നെഗറ്റീവാണ് (-517 കോടി രൂപ). 2008ൽ എട്ട് ഇരുമ്പയിര് ഖനികൾ 52 മില്യൺ ഡോളറിന് ജെഎസ്ഡബ്ല്യു സ്റ്റീൽ വാങ്ങിയിരുന്നു.