മുംബൈ: 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ ആഭ്യന്തര എഫ്‌എംസിജി സ്ഥാപനമായ ജ്യോതി ലാബ്‌സിന്റെ ഏകീകൃത അറ്റാദായം 18.73 ശതമാനം ഉയർന്ന് 47.73 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ 40.20 കോടി രൂപ അറ്റാദായം നേടിയതായി ജ്യോതി ലാബ്‌സ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അവലോകന കാലയളവിൽ ജ്യോതി ലാബ്‌സിന്റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 525.40 കോടിയിൽ നിന്ന് 13.66 ശതമാനം ഉയർന്ന് 597.20 കോടി രൂപയായി. ഉൽപ്പന്ന വിഭാഗങ്ങളിലുടനീളം ഗണ്യമായ ഇൻപുട്ട് ചെലവ് നിലനിൽക്കുന്നതിനാൽ അത് തങ്ങളുടെ ലാഭക്ഷമതയെ ബാധിച്ചതായി കമ്പനി അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുടെ മൊത്തം ചെലവ് 553.71 കോടി രൂപയായി വർധിച്ചു. അവലോകന പാദത്തിൽ ഫാബ്രിക് കെയർ വിഭാഗത്തിൽ നിന്നുള്ള ജ്യോതി ലാബ്സിന്റെ വരുമാനം 251.12 കോടി രൂപയും, ഡിഷ്വാഷിംഗ് വിഭാഗത്തിൽ നിന്ന് 209.32 കോടി രൂപയുമാണ്. അതേസമയം, ഗാർഹിക കീടനാശിനികളിൽ നിന്നുള്ള വരുമാനം 44.83 കോടി രൂപയായിരുന്നപ്പോൾ, വ്യക്തിഗത പരിചരണത്തിൽ നിന്ന് 69.44 കോടി രൂപയുടെയും, അലക്കു സേവനത്തിൽ നിന്ന് 10.72 കോടി രൂപയുടെയും വരുമാനം കമ്പനിക്ക് ലഭിച്ചു.
ഉജാല, ഹെൻകോ, മിസ്റ്റർ വൈറ്റ്, എക്സോ, പ്രിൽ, മാർഗോ, നീം തുടങ്ങിയ പ്രമുഖ എഫ്എംസിജി ബ്രാൻഡുകൾ ജ്യോതി ലാബ്സിന്റെ ഉടമസ്ഥതയിലാണ്. ജ്യോതി ലാബ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 2.25 ശതമാനം ഉയർന്ന് 167.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.