
ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്ക് പുതിയകരുത്തായിമാറിയ ആണവ അന്തർവാഹിനി ഐ.എൻ.എസ് അരിഘട്ടില്‍ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന.
3500 കിലോമീറ്റർ റെയ്ഞ്ചിലുള്ള കെ.ഫോർ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്. പരീക്ഷണം ബുധനാഴ്ച നാവികസേന വിജയകരമായി പൂർത്തിയാക്കിയതോടെ ഐ.എൻ.എസ് അരിഘട്ടും കെ.ഫോർ മിസൈലും ഇനി പോർമുഖത്തെ നാഴികക്കല്ലായി മാറും.
ഇന്ത്യൻ നാവികസനയുടെ രണ്ട് ആണവ അന്തർവാനികളാണ് ഐ.എൻ.എസ് അരിഘട്ടും ഐ.എൻ.എസ് അരിഹന്തും. ഐ.എൻ.എസ് അരിഘട്ട് കഴിഞ്ഞ ഓഗസ്ത് മാസമാണ് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായത്.
ഇത്തരം അന്തർവാഹനികളില്‍നിന്ന് തൊടുത്തുവിടാൻ പറ്റുന്ന രീതിയില്‍ പ്രത്യേകം തയ്യറാക്കിയതാണ് കെ.ഫോർ ബാലിസ്റ്റിക് മിസൈല്‍. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) കെ.ഫോർ മിസൈലിനെ സമ്ബൂർണ സജ്ജമാക്കാൻ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതാണിപ്പോള്‍ പൂർണ വിജയത്തിലേക്കെത്തിയിരിക്കുന്നത്.
2018-ല്‍ ആണ് ഇന്ത്യ സ്വന്തമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്ത് സേനയുടെ ഭാഗമാവുന്നത്. 2024 ഓഗസ്തില്‍ ദീർഘദൂര മിസൈല്‍ വാഹക ശക്തിയുള്ള ഐ.എൻ.എസ് അരിഘട്ടും സേനയുടെ ഭാഗമായി.
അടുത്ത വർഷത്തോടെ മൂന്നാമത്തെ അന്തർവാഹനിയേയും കമ്മിഷൻ ചെയ്യാനാവുമന്നാണ് സൈന്യം കരുതുന്നത്.