തിരുവനന്തപുരം: കെ-ഫോൺ സംസ്ഥാനത്ത് സ്ഥാപിച്ച ഫൈബർ ശൃംഖലയിൽ തങ്ങളുടെ ആവശ്യം കഴിഞ്ഞ് പാട്ടത്തിനുനൽകിയത് 4300 കിലോമീറ്റർ കേബിൾ.
10 മുതൽ 14വരെ കോർ ഫൈബറുകളാണ് ഉപയോഗാവശ്യം കഴിഞ്ഞുള്ള ഡാർക്ക് ഫൈബർ എന്ന തരത്തിൽ പാട്ടത്തിന് നൽകിയത്. ഇതിലൂടെ ശരാശരി അഞ്ചുകോടി രൂപയാണ് കെ-ഫോണിന് പ്രതിവർഷം ലഭിക്കുക.
ഇക്കൊല്ലം തന്നെ 10,000 കിലോമീറ്റർ ഡാർക്ക് ഫൈബർ പാട്ടത്തിന് നൽകാനാണ് ശ്രമം. ഇതിനായി വിവിധ കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിവർഷം 50 കോടി രൂപ ഇത്തരത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
രണ്ടോ അതിലധികമോ സ്ഥലങ്ങൾക്കിടയിലുള്ള സ്വകാര്യ ടെലികമ്യൂണിക്കേഷൻ സർക്യൂട്ടുകൾവഴി 100 കോടി രൂപയുടെ വാർഷികവരുമാനം ലക്ഷ്യമിടുന്നുണ്ടെന്നും കെ-ഫോൺ അധികൃതർ വ്യക്തമാക്കി.
നിശ്ചിത ബാൻഡ്‌വിഡ്ത്തിൽ സേവനദാതാവിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒട്ടേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 34 കണക്‌ഷനുകളും നൽകിക്കഴിഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം ആകാറായിട്ടും 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന വാഗ്ദാനം കെ-ഫോണിന് നിറവേറ്റാനായിട്ടില്ല. 5734 കണക്‌ഷനുകൾ മാത്രമാണ് നൽകാനായിട്ടുള്ളത്. കേരളാവിഷൻ വഴിയാണ് ഇതുനൽകുന്നത്.
ബാക്കിയുള്ള 7000 കണക്‌ഷനുകൾ എപ്പോൾ നൽകുമെന്നത് സംബന്ധിച്ച് കെ-ഫോണിൽനിന്ന് വ്യക്തത ലഭിച്ചിട്ടുമില്ല.
അതേസമയം, 6000 വാണിജ്യ കണക്‌ഷനുകൾ സംസ്ഥാനത്ത് നൽകിയിട്ടുമുണ്ട്. നിലവിൽ 5000 കണക്‌ഷനുകൾ നൽകുന്ന നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് താരിഫ് താരതമ്യേന കുറഞ്ഞതായതിനാൽ ആവശ്യക്കാർ ഏറെയുണ്ട്.
എന്നാൽ, ഓൺലൈനായി അപേക്ഷിച്ച ബഹുഭൂരിപക്ഷത്തിനും ഒരു അറിയിപ്പുപോലും ലഭിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കെ-ഫോൺ പ്രഖ്യാപിച്ചിരുന്നതിൽ 96 ശതമാനം കേബിൾ സ്ഥാപിക്കലും പൂർണമായിട്ടുണ്ട്.