തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ പൂർത്തീകരിക്കുന്നതിൽ സർക്കാർ തലത്തിൽ മെല്ലെപ്പോക്ക്. ഈ മാസം 31ന് മുൻപ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ ഫൈബർ നെറ്റ്‌വർക്ക് ഉപയോഗിച്ചു വരുമാനമുണ്ടാക്കാനുള്ള ധനസമ്പാദന മാതൃക (മോണിറ്റൈസേഷൻ മോഡൽ)യ്ക്കു സർക്കാരിന്റെ അംഗീകാരമായില്ല. ഒന്നര മാസം മുൻപ് ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലാണു തീരുമാനം വൈകുന്നത്.
സൗജന്യ ഇന്റർനെറ്റ് കണക്‌ഷന് അർഹതയുള്ള 14000 ബിപിഎൽ കുടുംബങ്ങളുടെ പട്ടിക സമർപ്പിക്കാൻ ആറുമാസമായിട്ടും തദ്ദേശവകുപ്പിനു സാധിച്ചിട്ടുമില്ല. ഇതുവരെ കണ്ടെത്തിയത് 7569 കുടുംബങ്ങളെ മാത്രം.
28614 ഓഫിസുകളിൽ കണക്‌ഷൻ നൽകാൻ ലക്ഷ്യമിട്ടതിൽ 26000ൽ അധികം ഓഫിസുകളിൽ ഉപകരണങ്ങൾ സ്ഥാപിച്ചു. 14000ത്തിലേറെ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർനെറ്റും നൽകിത്തുടങ്ങി.
പ്രവർത്തനം തുടങ്ങിയാൽ പരിപാലനത്തിനും കിഫ്ബിയുടെ തിരിച്ചടവിനും ജീവനക്കാരുടെ ശമ്പളത്തിനുമായി വർഷം 300 കോടി രൂപയെങ്കിലും കെ ഫോൺ കമ്പനിക്ക് ആവശ്യം വരും.
ഉപയോഗിക്കാത്ത ഫൈബറുകൾ വാണിജ്യാവശ്യത്തിനു പുറംകരാർ നൽകിയും, സർക്കാർ ഓഫിസുകൾക്കും വീടുകൾക്കും നേരിട്ട് ഇന്റർനെറ്റ് എത്തിച്ചും വർഷം 300 കോടി രൂപയെങ്കിലും വരുമാനമുണ്ടാക്കാൻ കഴിയുന്ന ധനസമ്പാദന മാതൃകയാണു സർക്കാരിനു സമർപ്പിച്ചത്.
ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണെന്ന് ഐടി വകുപ്പ് പറയുന്നു. എന്നാൽ ഇങ്ങനെയൊരു ഫയൽ എത്തിയിട്ടേയില്ലെന്നാണു ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
നിയന്ത്രണമുൾപ്പെടെ കെ ഫോൺ ശൃംഖല അപ്പാടെ പുറംകരാർ നൽകണമെന്ന് അഭിപ്രായമുള്ള ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലുണ്ട്. ഇവരുടെ എതിർപ്പാണോ കാരണമെന്നു വ്യക്തമല്ല. പദ്ധതി പ്രവർത്തനം തുടങ്ങുന്നതിനായി കെ ഫോണിൽ ഓപ്പറേഷൻ–മെയിന്റനൻസ് വിഭാഗവും ഇതുവരെ രൂപീകരിച്ചിട്ടില്ല.
അറുപതിലധികം പേരുടെ നിയമനവും നടത്താനുണ്ട്.