കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സ് നടപ്പുവർഷം സെപ്തംബർപാദത്തിൽ 54 ശതമാനം വളർച്ചയോടെ 106 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 69 കോടി രൂപയായിരുന്നു. സംയോജിത വരുമാനം 2,889 കോടി രൂപയിൽ നിന്ന് 20 ശതമാനം വളർന്ന് 3,473 കോടി രൂപയായി.
ഇന്ത്യയിൽ നിന്നുള്ള വരുമാനം 2,503 കോടി രൂപയിൽ നിന്ന് മികച്ച ഡിമാൻഡ് വളർച്ചയുടെ പിൻബലത്തിൽ 2,841 കോടി രൂപയായി മെച്ചപ്പെട്ടു. ഇന്ത്യയിലെ ലാഭം 68 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായും ഉയർന്നു. മിഡിൽ ഈസ്‌റ്റിൽ നിന്നുള്ള വരുമാനവിഹിതം 17 ശതമാനമാണ്.
മിഡിൽ ഈസ്‌റ്റിലെ ലാഭം 35 ലക്ഷം രൂപയിൽ നിന്നുയർന്ന് 14 കോടി രൂപയായി. ഇന്ത്യയിലും മിഡിൽ ഈസ്‌റ്റിലുമായി 163 ഷോറൂമുകളാണ് കല്യാണിനുള്ളത്.