മുംബൈ: വിഭജിക്കാൻ പോകുന്ന പെയിന്റ് ബിസിനസ്സിനായി 200 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഗുരുഗ്രാം ആസ്ഥാനമായുള്ള കാമധേനു ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇക്വിറ്റി പങ്കാളിയെ കൊണ്ടുവരാനുള്ള ചർച്ചകൾ കമ്പനി നടത്തിവരികയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
സമാഹരിക്കുന്ന മൂലധനം കാപെക്‌സിനും വിപുലീകരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്ന് കമ്പനി സിഎംഡി സതീഷ് കുമാർ അഗർവാൾ പറഞ്ഞു. കമ്പനിയുടെ പെയിന്റ് ബിസിനസ്സ് അലങ്കാര വിഭാഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നതാണ്. അടുത്ത മാർച്ച് അവസാനത്തോടെ ധന സമാഹരണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ വിപണികളെ പരിപാലിക്കുന്ന രാജസ്ഥാനിലെ നിലവിലുള്ള ശേഷി വർധിപ്പിക്കുന്നതിനു പുറമേ, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ, മധ്യ ഇന്ത്യൻ വിപണികൾക്കായി ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2024 സാമ്പത്തിക വർഷത്തിൽ പുതിയ പ്ലാന്റ് കമ്മിഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കാമധേനു ലിമിറ്റഡിനെ കാമധേനു സ്റ്റീൽ, കാമധേനു വെഞ്ചേഴ്‌സ് എന്നിങ്ങനെ വിഭജിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാൻഡഡ് ടിഎംടി ബാറുകളുടെ ഏറ്റവും വലിയ നിർമ്മാതാവും വിൽപ്പനക്കാരനുമാണ് കാമധേനു ലിമിറ്റഡ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 841 കോടിയുടെ വിറ്റുവരവ് ഉണ്ടായിരുന്നു. അതിൽ സ്റ്റീൽ ബിസിനസ്സ് 71.3 ശതമാനം സംഭാവന നൽകി.
2023 സാമ്പത്തിക വർഷത്തിൽ പെയിന്റ് ബിസിനസിൽ 350 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.