
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുപുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി.
നിലവിലെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തില്‍ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം. സ്പിരിറ്റ് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ രംഗത്തെ അതികായർകൂടിയായ കമ്ബനിക്കുള്ള അനുമതി.
മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് ഇപ്പോള്‍ പുറത്തുനിന്നാണ് വരുന്നത്. ഇത് വലിയ സാമ്ബത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിർമാണക്കമ്ബനികള്‍തന്നെ സർക്കാരിനോടു പരാതിപ്പെട്ടിരുന്നു.
ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് തട്ടിക്കൂട്ട് കമ്ബനികള്‍ക്ക് ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവർ സമരത്തിനിറങ്ങിയതോടെ സർക്കാർ പിന്മാറി.
വെള്ളിയാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് മന്ത്രിസഭാതീരുമാനം. പ്രശ്നത്തില്‍ വീണ്ടും പ്രതിപക്ഷം എതിർപ്പുമായി രംഗത്തിറങ്ങാനാണ് സാധ്യത.