കൊച്ചി: സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടിയുടെ നഷ്ടം വരുത്തിവെച്ച കായംകുളം താപവൈദ്യുതനിലയത്തിന്റെ കരാർ അവസാനിക്കുന്നു. കരാറിന്റെ പേരിൽ കാൽ നൂറ്റാണ്ടിനുള്ളിൽ ഫിക്സഡ് ചാർജായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി.) നൽകേണ്ടിവന്നത് 4692 കോടിരൂപയാണ്.
ഈ കാലഘട്ടത്തിൽ വൈദ്യുതിനിരക്ക് വർധനയുടെ ഘടകങ്ങളിലൊന്നായി മാറിയതും ‘കായംകുള’മാണ്. നിലയത്തിൽ നിന്ന് കഴിഞ്ഞ ഏഴുവർഷമായി കേരളം വൈദ്യുതി വാങ്ങുന്നുമില്ല. ‘നാഫ്ത’ ഇന്ധനമായി ഉപയോഗിച്ചായിരുന്നു കായംകുളത്ത് വൈദ്യുതി ഉത്പാദനം.
നാഫ്തയ്ക്ക് വിലകൂടുതലാണെന്നതിനാൽ വൈദ്യുതിക്ക് യൂണിറ്റിന് 13-14 രൂപവരെ നൽകേണ്ടിവന്നു.
ഇതോടെ 2017 മുതൽ സംസ്ഥാനം കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങാതായി. പക്ഷേ, ഫിക്സഡ് ചാർജ് ഇനത്തിൽ ആദ്യഘട്ടത്തിൽ 200 കോടിരൂപയും പിന്നീട് 100 കോടിരൂപയും പ്രതിവർഷം നൽകേണ്ടിവന്നു.
2025 ഫെബ്രുവരിയിൽ കരാർ അവസാനിക്കുമ്പോൾ കേരളം സൗജന്യമായി നൽകിയ 999 ഏക്കറും പ്ലാന്റും എൻ.ടി.പി.സി. തിരികെനല്കണം. ഇതൊഴിവാക്കാൻ കരാർ പുതുക്കാനുള്ള നീക്കം അണിയറയിൽ തുടങ്ങി.
കരാർ പുതുക്കിയാൽ ഫിക്സഡ് ചാർജ് തുടരേണ്ടിവരും. പുതുക്കാതിരുന്നാൽ 1.38 കോടി ഉപഭോക്താക്കൾക്ക് യൂണിറ്റിന് അഞ്ചുപൈസയുടെ കുറവുവരുത്താനുമാകും.
കായംകുളം നിലയം: ഇതുവരെ കരാർ പുതുക്കിയത് അഞ്ചുവട്ടം
കൊച്ചി: പ്രതിവർഷം 100 കോടിരൂപയോളം നഷ്ടം കേരളത്തിനുണ്ടായിട്ടും കായംകുളം താപനിലയത്തിന്റെ കരാർ പുതുക്കിയത് അഞ്ചുവട്ടം.
1995 ജനുവരി ആറിനാണ് താപനിലയത്തിന്റെ നിർമാണം തുടങ്ങിയത്. 1125 കോടിരൂപ ചെലവുവന്ന 359.58 മെഗാവാട്ടിന്റെ നിലയം കമ്മിഷൻ ചെയ്തത് 1999 മേയ് ഒന്നിനും. ഏറ്റവുമൊടുവിൽ 2013-ൽ 12 വർഷത്തേക്കാണ് പുതുക്കിയത്.
ദ്രവീകൃത പ്രകൃതിവാതകമുൾപ്പെടെയുള്ള ബദൽ ഇന്ധനത്തിലേക്ക് മാറണമെന്നുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. ഇതുപ്രകാരമാണ് 100 കോടിരൂപ ഫിക്സഡ് ചാർജ് അനുവദിച്ചത്. പന്ത്രണ്ടുവർഷത്തോളമായിട്ടും ഇത് നടപ്പായില്ല.
കൊച്ചി പുതുവൈപ്പിനിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം ഉപയോഗപ്പെടുത്താനായി കാക്കനാട് ബ്രഹ്മപുരത്തേക്ക് പ്ലാന്റ് മാറ്റാൻ സംസ്ഥാനം നിർദേശംവെച്ചിരുന്നു.
എന്നാൽ, കേന്ദ്രം ഇതു സാധ്യമല്ലെന്ന് വ്യക്തമാക്കി. ഇതിനിടെ എൻ.ടി.പി.സി. 92 മെഗാവാട്ടിന്റെ സൗരോർജപ്ലാന്റ് ഇവിടെ സ്ഥാപിച്ചു. ഇതിൽ നിന്ന് വൈദ്യുതി വിലയ്ക്ക് നൽകുകയും ചെയ്യുന്നു.
ഈ വർഷം മേയിൽ പ്ലാന്റ് എൽ.പി.ജി.യിൽ പ്രവർത്തിപ്പിക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് ഡൽഹിയിൽ ചർച്ചകൾ നടന്നിരുന്നു.
ഇതിനുപിന്നാലെ ഇപ്പോൾ മെഥനോൾ ഇന്ധനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പുതിയപദ്ധതിയാണ് എൻ.ടി.പി.സി. അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മെഥനോൾ ആയാലും വൈദ്യുതിക്ക് യൂണിറ്റിന് 8-10 രൂപയെങ്കിലും വിലയാകും.