മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി കരസ്ഥമാക്കിയിരിക്കയാണ് കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡ്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) യില്‍ ആവശ്യപ്പെട്ട പ്രകാരം 650 കോടി രൂപ സമാഹരിക്കാനാണ് അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇന്റര്‍നെറ്റ്, ഇലക്ട്രോണിക്‌സ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജീസ് ഐപിഒയ്ക്കായി ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്.
650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെയും ഓഹരിയുടമകളുടേയും 7.2 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി പ്രമോട്ടര്‍ രമേഷ് കുഞ്ഞിക്കണ്ണന്‍ 37 ലക്ഷം ഇക്വിറ്റി ഷെയേഴ്‌സും ഓഹരിയുടമയായ ഫ്രെനി ഫിറോസ് ഇറാനി 35 ലക്ഷം ഇക്വിറ്റി ഓഹരികളും വിറ്റഴിക്കും. യോഗ്യതയുള്ള ജീവനക്കാര്‍ക്ക് 1.5 കോടി രൂപയുടെ ഓഹരികള്‍ നീക്കിവച്ചിട്ടുണ്ട്.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഡാം കാപിറ്റല്‍ അഡൈ്വസേഴ്‌സ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കും.ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന പണത്തില്‍ 130 കോടി രൂപ വായ്പ ബാധ്യത തീര്‍ക്കാനും 98.93 കോടി രൂപ മൈസൂരിലും മാനസേശ്വറിലുമുള്ള ഉത്പാദന ശാലകളുടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കും ചെലവഴിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പറുകളില്‍ കമ്പനി പറഞ്ഞിരുന്നു.ഇതിന് പുറമെ കര്‍ണ്ണാടകയിലെ ചമര്‍ജാനഗറില്‍ പുതിയ ഓഫീസ് സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് 149.30 കോടി രൂപയും പ്രവര്‍ത്തന മൂലധനത്തിന് 114.74 കോടി രൂപയും വകയിരുത്തും.
കഴിഞ്ഞവര്‍ഷം 402.63 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സ്ഥാപനം 9.73 കോടി രൂപയുടെ ലാഭം നേടി.