കേരളത്തിൽ നിന്നും പുതിയൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. രാജ്യത്തെ നാലാമത്തെ വലിയ മൈക്രോ ഫിനാൻസ് കമ്പനിയും കേരളത്തിലെ പ്രമുഖ സംരംഭകരായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവുമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) അടുത്തയാഴ്ച ആരംഭിക്കും.
ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കുന്നതിനുള്ള വിലനിലവാരം മുത്തൂറ്റ് മൈക്രോഫിൻ പ്രഖ്യാപിച്ചു. ഐപിഒ സംബന്ധിക്കുന്ന കൂടുതൽ വിശദാംശവും ലിസ്റ്റിങ് സാധ്യതയും പരിശോധിക്കാം.
ഓഹരി വില 277 – 291 രൂപ
ഡിസംബർ 18 മുതൽ 21 വരെയുള്ള സമയപരിധിയിൽ, മുത്തൂറ്റ് മൈക്രോഫിൻ ഐപിഒയിൽ ഓഹരികൾക്കുവേണ്ടി അപേക്ഷിക്കാം. 277 രൂപ മുതൽ 291 രൂപ വരെയാണ് ഓഹരിയുടെ വിലനിലവാരം (പ്രൈസ് ബാൻഡ്) കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
ഓഹരിക്ക് പ്രാഥമിക വിപണിയിൽ നിക്ഷേപകരുടെ ഭാഗത്തുനിന്നും ഡിമാൻഡ് വർധിക്കുകയാണെങ്കിൽ 291 രൂപയിലാകും മൈക്രോഫിൻ ഓഹരി ഇഷ്യൂ ചെയ്യുക. അതേസമയം 51 ഓഹരികളുടെ ഗുണിതങ്ങളായി (ലോട്ട് സൈസ്) വേണം ഐപിഒയിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
ഐപിഒ വിശദാശം
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഐപിഒ നടത്തുന്നതിനുള്ള അനുമതി തേടി, രാജ്യത്തെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിക്ക് (SEBI) മുൻപാകെ മുത്തൂറ്റ് മൈക്രോഫിൻ ഡിആർഎച്ച്പി സമർപ്പിച്ചത്.
കമ്പനിയുടെ അപേക്ഷയ്ക്ക് ഒക്ടോബറിൽ സെബിയുടെ അംഗീകാരവും ലഭിച്ചു. ഐപിഒ മുഖേന വിപണയിൽ നിന്നും 960 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഇതിൽ 760 കോടി രൂപ പുതിയ ഓഹരി ഇഷ്യൂവിലൂടെയും 200 കോടി രൂപ ഒഎഫ്എസ് വഴിയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലിസ്റ്റിങ് 26ന്
ഐപിഒയിൽ അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായ നിക്ഷേപകർക്ക് ഡിസംബർ 21ന് ഓഹരികൾ അനുവദിക്കും. ഡിസംബർ 22ന് ഡീമാറ്റ് അക്കൗണ്ടിലേക്ക് മുത്തൂറ്റ് മൈക്രോഫിൻ ഓഹരി ക്രെഡിറ്റ് ചെയ്യപ്പെടും.
അതേസമയം ഐപിഒയിൽ ഓഹരി ലഭിക്കാത്തവരുടെ പണം ഡിസംബർ 22ന് തന്നെ തിരികെ നൽകും. ക്രിസ്മസിനു ശേഷം ഡിസംബർ 26ന് മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
ഐപിഒ എന്തിന്?
ഐപിഒ മുഖേന വിപണയിൽ നിന്നും സമാഹരിക്കുന്ന വരുമാനം ഉപയോഗപ്പെടുത്തി കമ്പനിയുടെ മൂലധന അടിത്തറ മെച്ചപ്പെടുത്താനും ഇന്ത്യയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തന സാന്നിധ്യം വിപുലമാക്കാനും പ്രയോജനപ്പെടുത്തുമെന്നാണ് മുത്തൂറ്റ് മൈക്രോഫിൻ സമർപ്പിച്ച ഡിആർഎച്ച്പിയിൽ സൂചിപ്പിച്ചിരുന്നത്.
ജിഎംപി ഉയരുന്നു
ഐപിഒയിൽ ഓഹരി വിലനിലവാരം പ്രഖ്യാപിച്ചതോടെ അനൗദ്യോഗിക വിപണിയിൽ മുത്തൂറ്റ് മൈക്രോഫിൻ ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയവും (ജിഎംപി) കുതിച്ചയുരുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപെ, അൺലിസ്റ്റ്ഡ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്ന അനൗദ്യോഗിക വേദിയിലെ വിലയാണിത്.
ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം മുത്തൂറ്റ് മൈക്രോഫിൻ ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 130 രൂപയിലേക്ക് ഉയർന്നു.
ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില 291 രൂപയാണെങ്കിൽ മുത്തൂറ്റ് മൈക്രോഫിൻ ഓഹരിയുടെ ലിസ്റ്റിങ് വേളയിൽ 45 ശതമാനം നേട്ടം കരസ്ഥമാക്കാം എന്നാണ് നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്.
അങ്ങനെയാണെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വില 400 രൂപ നിലവാരം മറികടന്നേക്കാമെന്നും ഓഹരി മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.