കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍മൂല്യവര്‍ധിത ഉല്‍പ്പന്ന കയറ്റുമതി: കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കുംവീട് വാങ്ങുന്നവര്‍ക്കും ഭവന വായ്പയെടുത്തവര്‍ക്കും ബജറ്റിൽ പ്രതീക്ഷയേറെസേവനമേഖലയില്‍ വളര്‍ച്ച ശക്തമെന്ന് റിപ്പോര്‍ട്ട്സ്‌റ്റീല്‍ കമ്പനികള്‍ക്കായി പുതിയ ഉത്പാദന പാക്കേജ് ഒരുങ്ങുന്നു

കേരളം ഒരു മാസത്തിനിടെ തടഞ്ഞത് 82.96 കോടി രൂപയുടെ ഐടി വികസനം

തിരുവനന്തപുരം: ഐടി മേഖലയ്ക്കു കുതിപ്പു നൽകാനെന്ന പേരിൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുക്കാനൊരുങ്ങുന്ന സർക്കാർ കഴിഞ്ഞ ഒരു മാസത്തിനിടെ തടഞ്ഞത് 82.96 കോടി രൂപയുടെ ഐടി വികസനം. ഭരണാനുമതി നൽകിയിരുന്ന 167.83 കോടി രൂപയുടെ പദ്ധതികളിലാണ് ഇത്രയും തുക വെട്ടിക്കുറച്ചത്.
സർക്കാരിന്റെ സാമ്പത്തിക ഞെരുക്കത്തെത്തുടർന്നുള്ള മന്ത്രിസഭാ തീരുമാനപ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതികൾ വെട്ടിക്കുറച്ചതിൽ ഏറ്റവുമധികം പരുക്കേറ്റത് ഐടി വകുപ്പിനാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പദ്ധതികളുടെ ഫണ്ടിൽ കുറവു വരുന്നതു തടയാനാണ് ഐടിയിൽ കൈവച്ചതെന്നാണു സർക്കാർ വാദം.
കൊച്ചി ഇൻഫോപാർക്കിലെ അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടാം ഘട്ടത്തിലെ ഭൂമിയേറ്റെടുക്കൽ, മാർക്കറ്റിങ് എന്നിവയ്ക്കുമായി അനുവദിച്ചിരുന്ന 21.7 കോടിയുടെ പദ്ധതിത്തുക 10.7 കോടിയാക്കി. പൊതുസ്ഥലങ്ങളിൽ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങളെത്തിക്കുന്ന പബ്ലിക് വൈഫൈ സ്പോട്ട് പദ്ധതിക്ക് ഈ വർഷം നീക്കിവച്ച 25 കോടി 11.27 കോടിയായി കുറച്ചു. കേരള സ്റ്റാർട്ടപ് മിഷന്റെ യൂത്ത് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് പ്രോഗ്രാമിന് 70.5 കോടിയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.
ഇത് 38.2 കോടിയാക്കി ചുരുക്കി. സ്റ്റാർട്ടപ്പുകൾക്ക് തുടക്കകാലത്തു ഫണ്ട് നൽകുന്നതിനും കോ വർക്കിങ് സ്പേസ് ഒരുക്കുന്നതിനുമെല്ലാമുള്ള പദ്ധതിയാണിത്. എമർജിങ് ടെക്നോളജി ഹബ്, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ് എന്നിവ വിഭാവനം ചെയ്തിരുന്ന ടെക്നോളജി ഇന്നവേഷൻ സോണിന്റെ 20 കോടിയുടെ പദ്ധതി ഏഴു കോടിയാക്കി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ രാജ്യാന്തര കേന്ദ്രത്തിനായി നീക്കിവച്ചിരുന്ന 7.35 കോടി രൂപ 3.25 കോടിയായും സി ഡിറ്റിന്റെ ക്ഷമത വർധിപ്പിക്കുന്നതിനുള്ള 6 കോടിയുടെ പദ്ധതി 3 കോടിയായും ചുരുക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐടി ആൻഡ് മാനേജ്മെന്റ് കേരളയുടെ മേക്കർ വില്ലേജ് പദ്ധതിക്ക് അനുവദിച്ചിരുന്ന 88 ലക്ഷം രൂപ 50 ലക്ഷമാക്കി. സൗജന്യ ബിപിഎൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ കെഫോണിനു മാറ്റിവച്ചിരുന്ന 16.4 കോടി രൂപ 10.95 കോടിയുമാക്കി.
കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാർക്ക് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഫയൽ മുന്നോട്ടു നീങ്ങുന്നില്ല. കണ്ണൂരിൽ 25 ഏക്കറിൽ 5 ലക്ഷം ചതുരശ്രയടി പാർക്ക് നിർമിക്കാൻ സ്ഥലം കണ്ടെത്തി ഭരണാനുമതിക്കായി ഡിപിആർ സമർപ്പിച്ചിട്ട് ആറു മാസത്തോളമായി. കൊല്ലത്ത് പദ്ധതി പ്രദേശം സംബന്ധിച്ചു തീരുമാനമായിട്ടില്ല.

X
Top