Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കേരളം വീണ്ടും കടമെടുക്കുന്നു; ഇ-കുബേര വഴി കടമെടുക്കാൻ മറ്റ് 12 സംസ്ഥാനങ്ങളും

തിരുവനന്തപുരം: സാമ്പത്തികാവശ്യങ്ങൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഫെബ്രുവരി 4ന് റിസർവ് ബാങ്കിന്റെ ഇ-കുബേർ‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് കേരളം സമാഹരിക്കുക.

13 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 1,000 കോടി രൂപയുടെയും 25 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 2,000 കോടി രൂപയുടെയും കടപ്പത്രങ്ങളാണ് കേരളം പുറത്തിറക്കുകയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

ഇന്ന് 3,000 കോടി രൂപ എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ കടം 39,712 കോടി രൂപയാകും.

സംസ്ഥാന സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പളം, പെൻഷൻ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിന് മുമ്പായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ടിരുന്നു.

ഇതു പരിഗണിച്ചിട്ടില്ലെന്ന് മാത്രമല്ല, ബജറ്റിലും കേരളത്തിന് പിന്തുണ കിട്ടിയില്ല. വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം നടപ്പാക്കുന്നതിനോ വിഴിഞ്ഞം തുറമുഖ പദ്ധതിക്കോ കേന്ദ്ര ബജറ്റിൽ സഹായമില്ല.

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ ചേർന്ന് ഫെബ്രുവരി 4ന് ഇ-കുബേർ വഴി സംയോജിതമായി 33,600 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ആന്ധ്രാപ്രദേശ് 6,000 കോടി രൂപ, അസം 900 കോടി, ബിഹാർ 2,000 കോടി, ഗുജറാത്ത് 2,700 കോടി, കർണാടക 1,000 കോടി, മഹാരാഷ്ട്ര 5,000 കോടി, ഒഡീഷ 2,000 കോടി എന്നിങ്ങനെ കടമെടുക്കും.

പഞ്ചാബ് 1,000 കോടി രൂപ, തമിഴ്നാട് 2,000 കോടി രൂപ, തെലങ്കാന 3,000 കോടി, ഉത്തരാഖണ്ഡ് 2,000 കോടി, ഉത്തർപ്രദേശ് 3,000 കോടി രൂപ എന്നിങ്ങനെയും ഇന്ന് കടമെടുക്കും.

X
Top