ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കേരളം 1,500 കോടി കൂടി കടമെടുക്കുന്നു; ഈ വർഷത്തെ മൊത്തം കടം 30,000 കോടിക്ക് മുകളിലേക്ക്

തിരുവനന്തപുരം: ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. നാളെ കേരളം 11 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 1,500 കോടി രൂപയുടെ വായ്പയെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ‘ഇ-കുബേർ’ വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.

നടപ്പു സാമ്പത്തിക വർഷം (2024-25 ഏപ്രിൽ-മാർച്ച്) ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതിൽ നിന്നു പക്ഷേ, കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സർക്കാരിന്റെ തന്നെ കടമെടുപ്പായി കണക്കാക്കി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതോടെ, നടപ്പുവർഷം എടുക്കാവുന്ന കടം 28,512 കോടി രൂപയായി കുറഞ്ഞു.

എന്നാൽ, ഓണക്കാലത്തെ സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത് അംഗീകരിച്ച കേന്ദ്രം, അധികമായി 4,200 കോടി രൂപയെടുക്കാൻ അനുവദിച്ചിരുന്നു. അതോടെ, ആകെ എടുക്കാവുന്ന കടം 32,712 കോടി രൂപയായി.

നവംബർ അഞ്ചിന് സംസ്ഥാന സർക്കാർ 1,000 കോടി രൂപയും നവംബർ 19ന് 1,249 കോടി രൂപയും കടമെടുത്തിരുന്നു. ഡിസംബർ 3ന് 1,500 കോടി രൂപ കൂടി എടുക്കുന്നതോടെ ഈവർഷത്തെ ആകെ കടം 30,747 കോടി രൂപയാകും.

അതായത്, കേന്ദ്രം വെട്ടിക്കിഴിക്കലിന് ശേഷം അംഗീകരിച്ച പരിധിയായ 32,712 രൂപയിൽ ബാക്കിയാവുക 1,965 കോടി രൂപ മാത്രം. നടപ്പുവർഷം അവസാനിക്കാൻ ഡിസംബർ മുതൽ‌ മാർച്ചുവരെ 4 മാസം കൂടി ശേഷിക്കുന്നുണ്ടെന്നിരിക്കേ, സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. വായ്പ എടുത്തായിരുന്നു ഈ അധികത്തുക പ്രധാനമായും കണ്ടെത്തിയിരുന്നത്.

ഇനി ശേഷിക്കുന്നത് 1,965 കോടി രൂപ മാത്രമാണെന്നിരിക്കേ, വായ്പാപ്പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കേണ്ടി വരും.
കേന്ദ്രം വഴങ്ങിയില്ലെങ്കിൽ സംസ്ഥാന സർക്കാർ ‘പ്ലാൻ ബി’യിലേക്ക് നീങ്ങേണ്ടി വരും.

പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ, ക്ഷേമനിധിസ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പണം ഉറപ്പാക്കാനുള്ള ശ്രമമുണ്ടായേക്കാം. കള്ള് ചെത്ത് തൊഴിലാളി ബോർഡിൽ നിന്ന് കടമെടുക്കാനുള്ള ശ്രമം മുൻകാലങ്ങളിൽ സർക്കാർ നടത്തിയിട്ടുണ്ട്.

നാളെ റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴി കടമെടുക്കുന്നത് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളാണ്. ഇവ സംയുക്തമായി 25,837 കോടി രൂപയാണ് കടം തേടുക.

ആന്ധ്രാപ്രദേശ് 4,237 കോടി രൂപ, അസം 900 കോടി രൂപ, ബിഹാർ 2,000 കോടി രൂപ, ഗുജറാത്ത് 2,000 കോടി രൂപ, ഹിമാചൽ പ്രദേശ് 500 കോടി രൂപ, കമ്മു കശ്മീർ 400 കോടി രൂപ എന്നിങ്ങനെ കടമെടുക്കും.

4,000 കോടി രൂപയാണ് കർണാടകയുടെ ലക്ഷ്യം. പഞ്ചാബ് 2,500 കോടി രൂപയും രാജസ്ഥാൻ 800 കോടി രൂപയും തമിഴ്നാട് 1,000 കോടി രൂപയും നാളെ കടമെടുക്കും. തെലങ്കാനയും ഉത്തർപ്രദേശും 3,000 കോടി രൂപയുടെ വീതം കടപ്പത്രങ്ങളും നാളെ പുറത്തിറക്കും.

X
Top