ഈ മാസവും അടുത്ത മാസവുമായി 2,500 കോടി രൂപ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പോക്കറ്റിലെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപിച്ചത്.
ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു ആയി 1,900 കോടി രൂപയാണ് മാർച്ചിനകം ജീവനക്കാർക്ക് ലഭിക്കുക. സർവീസ് പെൻഷൻ പരിഷ്കരണത്തിന്റെ കുടിശിക തീർക്കാനായി 600 കോടി രൂപയും ഈ മാസം തന്നെ അനുവദിക്കും.
മാത്രമല്ല ജീവനക്കാർക്ക് ഡിഎ കുടിശികയുടെ രണ്ടു ഗഡുവിന്റെ ലോക്ക്-ഇൻ പീരിഡ് ഈ മാർച്ചിനകം ഒഴിവാക്കുമെന്നും പറഞ്ഞിട്ടുണ്ട്. അതോടെ ഈ രണ്ടു ഗഡു ജീവനക്കാർക്ക് പിൻവലിക്കാനാകുമെന്നു കരുതാം.
അങ്ങനെ എങ്കിൽ ജീവനക്കാരുടെ പോക്കറ്റിലേക്ക് എത്തുന്ന തുക വീണ്ടും കൂടും. ഡിഎ കുടിശികയിൽ രണ്ടു ഗഡു പിഎഫിൽ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരാനുണ്ട്.