ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഐപിഒ വിപണിയിലേക്ക് അര ഡസനിലേറെ കേരള കമ്പനികൾ

കൊച്ചി: മൂലധന സമാഹരണം നടത്താൻ ഐപിഒ വിപണിയിലേക്ക് അര ഡസനിലേറെ കേരള കമ്പനികൾ. കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഉപസ്ഥാപനങ്ങളെന്ന നിലയിൽ മറുനാട്ടിൽ റജിസ്റ്റേഡ് ഓഫിസുള്ളവയാണ് ഇവയിലേറെയും എന്ന പ്രത്യേകതയുണ്ട്. ധനസേവന രംഗത്തു പ്രവർത്തിക്കുന്നവയാണ് ഇവയെല്ലാം.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ബെൽസ്റ്റാർ മൈക്രോഫിനാൻസ് ലിമിറ്റഡ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് എന്നിവയാണ് ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു തയാറെടുക്കുന്നത്.

ഇസാഫ് ബാങ്ക്
കെ.പോൾ‍ തോമസ് 1992ൽ തൃശൂരിൽ ആരംഭിച്ച സേവന സംരംഭമാണു 2017 മാർച്ചിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കായി പരിണമിച്ചത്. 60 ലക്ഷത്തോളം ഇടപാടുകാരും അയ്യായിരത്തോളം ജീവനക്കാരും 21 സംസ്ഥാനങ്ങളിലായി എഴുന്നൂറിലേറെ സ്ഥലങ്ങളിൽ സാന്നിധ്യവുമുള്ള ഇസാഫ് ഐപിഒ വിപണിയിൽനിന്ന് 629 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിൽ 486.74 കോടിയും പുതിയ ഓഹരികളുടെ വിൽപനയിലൂടെയായിരിക്കും. ബാക്കി തുക ‘ഓഫർ ഫോർ സെയിൽ’ (ഒഎഫ്എസ്) വഴി.

ഫെഡ്ഫിന
‘ഫെഡ്ഫിന’ ഫെഡറൽ ബാങ്കിന്റെ ഉപസ്ഥാപനമാണ്. മുംബൈ ആസ്ഥാനമായുള്ള ഈ ബാങ്ക് ഇതര ധനസ്ഥാപനം സ്വർണപ്പണയം, ഭവന വായ്പ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. ആസ്തി 10,000 കോടി രൂപ. വിൽപനയ്ക്കു വയ്ക്കുന്ന ഓഹരികളിൽ 750 കോടി രൂപയുടേതു പുതിയവയായിരിക്കും. 10 രൂപ മുഖവിലയുള്ള 70,323,408 ഓഹരികളുടെ വിൽപന ഒഎഫ്എസ് മുഖേന.

മുത്തൂറ്റ് മൈക്രോഫിൻ
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സംരംഭമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് അടുത്തുതന്നെ മൂലധന വിപണിയിലെത്തും. 1350 കോടി രൂപയാണ് ലക്ഷ്യം. 950 കോടി രൂപയുടെ പുതിയ ഇഷ്യുവും 400 കോടിയുടെ ഒഎഫ്‌എസുമാണ് ഉദ്ദേശിക്കുന്നത്.

ആശീർവാദ്
2015ൽ മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായി മാറിയ ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡിന് 1500 കോടി രൂപയുടെ സമാഹരണ ലക്ഷ്യമാണുള്ളതെന്ന് അറിയുന്നു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 10,000 കോടിയിലേറെ രൂപയുടേതാണ്. 30 ലക്ഷത്തിലേറെ ഇടപാടുകാരും 1684 ശാഖകളുമുണ്ട്.

ബെൽസ്റ്റാർ
ഐപിഒ വിപണിയെ സമീപിക്കാനുള്ള പ്രാരംഭചർച്ചകൾ ബെൽസ്റ്റാർ മൈക്രോഫിനാൻസിൽ ആരംഭിച്ചിട്ടുള്ളതായാണു സൂചന. സ്വർണപ്പണയരംഗത്തെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപസ്ഥാപനമാണ് എൻബിഎഫ്സി വിഭാഗത്തിൽപ്പെട്ട ബെൽസ്റ്റാർ. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 7000 കോടി രൂപയ്ക്കു മുകളിലാണ്.

കെഎൽഎം ആക്സിവ
ഐപിഒ അനുമതിക്കായി സെബിയെ സമീപിക്കുന്നതിനുവേണ്ട തയാറെടുപ്പുകൾ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൽ പുരോഗമിക്കുന്നതായാണ് അറിയുന്നത്. സമാഹരണ ലക്ഷ്യം എത്രയെന്ന് അറിവായിട്ടില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനസേവന രംഗത്തു മുന്നേറിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് ഹൈദരാബാദിലാണ്.

മുത്തൂറ്റ് മിനി
ഏറെ വൈകാതെ ഐപിഒ വിപണിയെ സമീപിക്കാനൊരുങ്ങുകയാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് എന്നു സൂചനയുണ്ട്.എം.മാത്യു മുത്തൂറ്റ് ഗ്രൂപ്പിന്റെ പതാക വാഹക സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലീഷർ, എന്റർടെയ്ൻമെന്റ് മേഖലകളിലും സജീവമാണ്.

X
Top