
- വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ സർവേ റിപ്പോർട്ടിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടേണോവർ പെർ ക്യാപിറ്റ കൈവരിക്കുന്ന സ്ഥാപനം
കോഴിക്കോട്: കോ-ഓപ്പറേറ്റീവ് പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ സർവേ റിപ്പോർട്ടിൽ അഭിമാനകരമായ നേട്ടവുമായി കേരളത്തിന്റെ സ്വന്തം യുഎൽസിസിഎസ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി).
തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായ അവശ്യസേവന വിഭാഗത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിശീർഷ വരുമാനം (ടേണോവർ പെർ ക്യാപിറ്റ) നേടുന്ന സഹകരണ സംരംഭമായാണ് യുഎൽസിസിഎസ് പട്ടികയിൽ ഇടം പിടിച്ചത്.
സ്പെയിൻ ആസ്ഥാനമായുള്ള കോർപ്പറേഷൻ മോൺഡ്രാഗൊൻ ആണ് പട്ടികയിൽ ഒന്നാമത്. പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്ന് 16 സ്ഥാപനങ്ങൾ ഇത്തവണത്തെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ സർവേ റിപ്പോർട്ടിൽ സ്ഥാനം നേടിയിട്ടുണ്ട്.

2020 വർഷത്തെ സർവേ റിപ്പോർട്ടിന്റെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018ലും 2019ലും യുഎൽസിസിഎസ് ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഭക്ഷ്യവ്യവസായവും, യൂട്ടിലിറ്റി സേവനവും ഒഴികെയുള്ള കോ-ഓപ്പറേറ്റിവ് സംരംഭങ്ങൾ ഉൾക്കൊള്ളുന്നതാണ് വ്യവസായ അവശ്യ സേവന വിഭാഗം.
പൊതുസേവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സജീവമായ സംരംഭങ്ങളെല്ലാം ഈ വിഭാഗത്തിൽ പെടും. ഇഫ്‌കോ, ജിസിഎംഎംഎഫ് (അമുൽ), ക്രിബ്‌കോ, യുഎൽസിസിഎസ് എന്നിങ്ങനെ ഇന്ത്യയിൽ നിന്നുള്ള നാല് സഹകരണസംഘങ്ങൾ റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടി.
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നാണ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങളെക്കുറിച്ചുള്ള സാമ്പത്തികവും സംഘടനാപരവും സാമൂഹികവുമായ ഡാറ്റ സമഗ്രമായി വിലയിരുത്തുന്ന ഇത്തരത്തിലുള്ള ഏക റിപ്പോർട്ടാണ് വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ സർവേയുടേത്.
1925-ൽ വടകരയിൽ ആരംഭിച്ച ദി ഊരാളുങ്കൽ ലേബറേഴ്സ് മ്യൂച്വൽ എയ്ഡ് ആൻഡ് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറിയത്.
ഇന്ത്യയിൽ ഇത്തരത്തിൽ തൊഴിലാളികള്‍ തന്നെ ഭരണം നടത്തുന്ന ആദ്യത്തെ സ്ഥാപനമാണ് യുഎല്‍സിസിഎസ്. ഈ മാതൃകയിൽ ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോഓപ്പറേറ്റിവ് സൊസൈറ്റിയും യുഎൽസിസിഎസ് തന്നെയാണ്.
ഊരാളുങ്കൽ സൊസൈറ്റിക്ക് കീഴിൽ ഇന്ന് 12000 ലധികം തൊഴിലാളികളുണ്ട്. അടിസ്ഥാന സൗകര്യവികസനം, ഐടി, ടൂറിസം, മെറ്റിരിയൽ ടെസ്റ്റിങ്, സ്‌കിൽ & എജ്യുക്കേഷൻ, ഹൗസിങ്, കൺസ്ട്രക്ഷൻ, കൃഷി എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായ യുഎല്‍സിസിഎസ് അടിസ്ഥാന സൗകര്യവികസന മേഖലയിൽ മാത്രം 6600 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നു.
യുണെസ്‌കോ പുറത്തിറക്കിയ മാതൃകാ സഹകരണസംഘങ്ങളുടെ പട്ടികയിലും യുഎല്‍സിസിഎസ് ഇടം നേടിയിട്ടുണ്ട്.