തൃശൂർ സ്വദേശിയായ സഖിൽ സുരേഷ് സ്ഥാപിച്ച ക്രിപ്റ്റോകറൻസി സേവന സ്റ്റാർട്ടപ്പായ ബിറ്റ്സേവ്, സിംഗപ്പുർ ആസ്ഥാനമായ ലിയോ കാപ്പിറ്റലിൽ നിന്ന് സീഡ് ഫണ്ടിങ് സ്വന്തമാക്കി.
ബിറ്റ്കോയിന്‍ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് മുന്നേറ്റം നടത്തുന്നതിനിടെയാണ് മലയാളി ക്രിപ്റ്റോ സ്റ്റാർട്ടപ്പിന്റെ ഈ നേട്ടം. മ്യൂച്വൽഫണ്ട് പോലെ ക്രിപ്റ്റോകറൻസികളിലും സുഗമമായി നിക്ഷേപം സാധ്യമാക്കുന്ന ആപ്പാണ് ബിറ്റ്സേവ്.
രാജ്യാന്തര ധനകാര്യസ്ഥാപനമായ ബ്ലൂംബെർഗിൽ നിന്ന് ഇതിനായി ഇൻഡക്സ് ലൈസൻസ് നേടിയ ഏക ക്രിപ്റ്റോ സ്റ്റാർട്ടപ്പുമാണ്.
ഫണ്ടിങ് തുക എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആപ്പ് കൂടുതൽ മികവുറ്റതാക്കാനും മറ്റ് ലൈസൻസ് ആവശ്യങ്ങൾക്കുമായി നിക്ഷേപം വിനിയോഗിക്കുമെന്ന് സിഇഒ സഖിൽ സുരേഷ് പറഞ്ഞു.
ബിറ്റ്സേവിൽ നിക്ഷേപിക്കുന്ന ക്രിപ്റ്റോ, ഇൻഷുറൻസോടു കൂടിയാണ് സൂക്ഷിക്കുക. ഇത് ബ്ലോക്ക്ചെയിൻ വഴി സ്ഥിരീകരിക്കാനുള്ള സൗകര്യവും ബിറ്റ്സേവിലുണ്ട്.
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിൽ പഠനം പൂർത്തിയാക്കിയ സഖിൽ 2017ൽ സിഎ പഠനത്തിതിനിടെയാണ് ക്രിപ്റ്റോ രംഗത്തേക്ക് കടക്കുന്നത്.
മലയാളികളായ ആസിഫ് കട്ടകത്ത്, വിഷ്ണു കാർത്തികേയൻ എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകർ.