തിരുവനന്തപുരം: കേന്ദ്രസർക്കാർ അനുവദിച്ച വായ്പയുടെ പരിധി പിന്നിടുന്നതിനാൽ സംസ്ഥാന സർക്കാർ കടുത്ത ആശങ്കയിൽ. ഇതുവരെ അനുവദിച്ചത് 24,500 കോടിയാണ്. ഇതിൽ 28-ന് ആയിരം കോടി രൂപകൂടി കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ളത് 450 കോടി മാത്രം.
രണ്ടായിരം കോടി രൂപകൂടി കടമെടുക്കാനുള്ള അനുമതിക്ക് സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദംചെലുത്തിയിട്ടുണ്ട്. ഇതു കിട്ടുമെന്ന പ്രതീക്ഷയാണിപ്പോൾ.
സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിന് സഹകരണ ബാങ്കുകളിൽ നിന്ന് രണ്ടായിരം കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിച്ചെങ്കിലും 1100 കോടി രൂപയേ കിട്ടിയിട്ടുള്ളൂ. ബാക്കികൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ്.
വൈദ്യുതി മേഖലയുടെ പരിഷ്കരണങ്ങളുടെ പേരിൽ ആഭ്യന്തര വരുമാനത്തിന്റെ 0.45 ശതമാനം വായ്പ അധികമായി എടുക്കാൻ കേന്ദ്രം സമ്മതിച്ചിരുന്നു. ഇങ്ങനെ 4060 കോടിരൂപ വരെ കിട്ടാം.
എന്നാൽ, ഇതുസംബന്ധിച്ച ഫയൽ കേന്ദ്ര ഊർജമന്ത്രാലയം ധനകാര്യമന്ത്രാലയത്തിന് ഇനിയും കൈമാറിയിട്ടില്ല. ഈ പണം കിട്ടുമെന്നാണ് പ്രതീക്ഷ.
വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ചെലവിടാതെ ചട്ടവിരുദ്ധമായി ബാങ്കിലിട്ട പണം മാർച്ച് 23-ന് മുമ്പ് തിരിച്ച് ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് ഉത്തരവിട്ടുണ്ട്.
ട്രഷറിയിലെ പണത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും.