തിരുവനന്തപുരം: റേഷൻകടകള്‍വഴി ഭക്ഷ്യധാന്യം നല്‍കുന്നതിനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രള്‍ഹാദ്ജോഷിയെ നേരില്‍ക്കണ്ട് മന്ത്രി ജി.ആർ. അനില്‍ എതിർപ്പറിയിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിലാണ് ഡി.ബി.ടി. നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആർ. അനില്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
ഡി.ബി.ടി. നടപ്പാക്കിയാല്‍ റേഷൻ വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, റേഷൻവിതരണ മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഭാഗങ്ങള്‍ എന്നിവർക്ക് ദോഷകരമാകുമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
മുൻഗണനാ വിഭാഗത്തില്‍പ്പെട്ട റേഷൻകാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി മേയ് 31 വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18-ന് ആരംഭിച്ച ഇ-കെ.വൈ.സി. മസ്റ്ററിങ് നിലവില്‍ 90.89 ശതമാനം പൂർത്തിയാക്കി. നിലവില്‍ പ്രഖ്യാപിച്ച അന്തിമത്തീയതി മാർച്ച് 31 ആണ്. സംസ്ഥാനത്തിന് പുറത്തുകഴിയുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ഇക്കാലയളവിനുള്ളില്‍ മസ്റ്ററിങ് പൂർത്തിയാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇ-പോസ് മെഷീനിലെ ബയോമെട്രിക് സ്കാനറിന്റെ ശേഷി കൂട്ടാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.