കൊച്ചി: കോഴിയിറച്ചി വില കത്തിക്കയറുമ്പോഴും സംസ്ഥാനത്തിന് ഒരു മാസം വേണ്ടത് ഏതാണ്ട് ആറ് കോടി കിലോ ചിക്കൻ. ഒരു കിലോ ചിക്കന് ശരാശരി 150 രൂപ എടുത്താൽതന്നെ ഇതിന് 900 കോടി രൂപ വേണം.
ആവശ്യം കൂടുതലുള്ള മാസങ്ങളിൽ ചെലവ് ഇതിലും ഉയരും. എന്നാൽ, കഴിഞ്ഞ 10 മാസമായിട്ട് മേഖല നഷ്ടത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. ചിക്കൻ ആവശ്യം ഉയരുമ്പോഴും കേരളത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് കാര്യമായ നേട്ടം ലഭിക്കുന്നില്ല.
കേരളത്തിൽ കോഴിയിറച്ചിയുടെ ആവശ്യം ഉയരുമ്പോഴും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് മാസം 2.4 കോടി കിലോ ചിക്കനാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തിൽ സർക്കാർ ഏജൻസികളുടെയും സംഭാവന രണ്ടര ശതമാനത്തോളം മാത്രമാണ്.
37.5 ശതമാനവും കേരളത്തിലെ സ്വകാര്യ കർഷകരുടെയും ഫാമുകളുടെയും സംഭാവനയാണ്. ബാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തും. വിപണിയിലെ ഡിമാൻഡ്, സീസൺ, വില എന്നിവയെ ആശ്രയിച്ചാണ് കോഴികളെ എത്തിക്കുന്നത്. അതിനാൽ ഈ ഇനത്തിൽ കേരളത്തിൽനിന്നും 540 കോടി രൂപയോളമാണ് അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.
വില ഉയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകൾ വേണമെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കൂട്ടുകയും കോഴിത്തീറ്റ ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ കോഴി വിപണി മുഴുവനായും അയൽ സംസ്ഥാനങ്ങളുടെ കൈയിലാകുമെന്ന് വ്യാപാരികൾ പറയുന്നു.
2023 ഡിസംബറോടെ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കാൻ ഒരുങ്ങി കേരള ചിക്കൻ നോഡൽ ഏജൻസിയായ ബ്രഹ്മഗിരി. കോഴിരോഗം ബാധിച്ചതിനാൽ ബ്രീഡർ ഫാം നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും കേരള ചിക്കൻ പദ്ധതിയിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും ബ്രഹ്മഗിരി മാനേജിങ് ഡയറക്ടർ ഡോ. വി. സുനിൽ കുമാർ അറിയിച്ചു.
മാസം ആറ്് ലക്ഷം ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ഉത്പദിപ്പിക്കാനുള്ള ബ്രീഡർ ഫാമിന്റെയും ഹാച്ചെറിയുടെയും ടെൻഡർ നടപടികൾ പൂർത്തിയായിവരുകയാണ്. 28 കോടി രൂപയുടെ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.