
കൊച്ചി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നുമാസ കാലയളവിൽ കയറ്റുമതി ചെയ്തത് 14,684.28 ടൺ ഉത്പന്നങ്ങൾ.
പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും തേങ്ങയും മുട്ടയും പൂക്കളും അടക്കമുള്ളവയുടെ കയറ്റുമതിക്കണക്കാണിത്. ഭക്ഷ്യോത്പന്നങ്ങൾ, ഇലകൾ, പൂക്കൾ തുടങ്ങി പെട്ടെന്ന് കേടാകുന്ന ഉത്പന്നങ്ങളാണ് എയർ കാർഗോ വഴി കൂടുതലും കയറ്റി അയക്കുന്നത്.
2023 ഒക്ടോബറിൽ മാത്രം 5,409.563 ടൺ ഉത്പന്നങ്ങളാണ് നാല് വിമാനത്താവളങ്ങൾ വഴി കയറ്റിയയച്ചത്. നവംബറിൽ 4,515.824 ടൺ ഉത്പന്നങ്ങളും ഡിസംബറിൽ 4,758.896 ടൺ ഉത്പന്നങ്ങളും കയറ്റുമതി ചെയ്തു.
കയറ്റുമതിയുടെ സിംഹഭാഗവും പോകുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. പഴം, പച്ചക്കറി കയറ്റുമതിയാണ് കൂടുതലും. യു.കെ., അയർലൻഡ്, യു.എസ്. എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയും കോഴിക്കോട് വിമാനത്താവളം വഴിയുമാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്. 6,633.273 ടൺ ഉത്പന്നങ്ങളാണ് കൊച്ചി വിമാനത്താവളം വഴി മാത്രം കഴിഞ്ഞ മൂന്നുമാസങ്ങളിലായി കയറ്റിയയച്ചത്.
അതായത്, സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയുടെ 45 ശതമാനത്തിലധികം കൊച്ചി വഴിയാണ്. 3,426.01 ടൺ ഉത്പന്നങ്ങൾ (23.3 ശതമാനം) തിരുവനന്തപുരം വഴിയും 3,948 ടൺ (27 ശതമാനം) ഉത്പന്നങ്ങൾ കോഴിക്കോട് വിമാനത്താവളം വഴിയും കയറ്റുമതി ചെയ്തു. 677 ടണ്ണിന്റെ (4.6 ശതമാനം) നാമമാത്രമായ കയറ്റുമതിയാണ് കണ്ണൂർ വിമാനത്താവളം വഴി നടന്നത്.
2022 ഒക്ടോബർ-ഡിസംബർ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സിയാൽ വഴിയുള്ള കയറ്റുമതി നേരിയതോതിൽ കൂടി. 6,086.543 ടൺ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തിരുന്നു. ഇതുവെച്ചുനോക്കുമ്പോൾ എട്ട് ശതമാനമാണ് വർധന.
സിയാൽ ഒഴികെയുള്ള മറ്റ് വിമാനത്താവളങ്ങളിൽ സ്ഥലപരിമിതിയുണ്ടെന്ന് കയറ്റുമതിക്കാർ പറയുന്നു. മാത്രമല്ല, ചെറിയ യാത്രാവിമാനങ്ങളെയാണ് കയറ്റുമതിക്കായി ആശ്രയിക്കുന്നത്.
ഇത്തരം വിമാനങ്ങളിൽ അനുവദിക്കുന്ന പരമാവധി കാർഗോ സൗകര്യം 50 ടൺ ആണ്. കോൾഡ് സ്റ്റോറേജ് അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതും സ്ഥിരം സർവീസിൽ ഉൾപ്പെടാത്ത വിദേശ ചരക്കുവിമാന സർവീസുകൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ വിലക്ക് തുടരുന്നതും തിരിച്ചടിയാകുന്നുണ്ടെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
ഇത്, നേട്ടമാക്കുന്നത് ബെംഗളൂരു, ചെന്നൈ പോലുള്ള വിമാനത്താവളങ്ങളാണ്.