കൊച്ചി: സംസ്ഥാനത്തെ പാദരക്ഷാ വ്യവസായത്തിന്റെ വിപണന മേഖല മികച്ച വളർച്ച നേടുമ്പോഴും ഉത്പാദന മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
പാദരക്ഷകൾക്ക് ഗുണനിലവാര ചട്ടങ്ങൾ കർശനമാക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി.ഐ.എസ്) ലൈസൻസ് നടപ്പാക്കുന്നതാണ് ഇപ്പോൾ ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി.
കേന്ദ്രം പാദരക്ഷകളുടെ ജി.എസ്.ടി 5ൽ നിന്ന് 12 ശതമാനമാക്കിയതും ചെറുകിട സംരംഭങ്ങൾ ഏറെയുള്ള വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാരം വ്യാപകമായതോടെ ബ്രാൻഡഡ് ഉത്പന്നങ്ങളുമായി കമ്പനികൾ കടുത്ത മത്സരം നടത്തേണ്ടി വരുന്നു.
ഇതെല്ലാം കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംസ്ഥാനത്തെ പാദരക്ഷാ വ്യവസായത്തിന് തിരിച്ചടിയാകുന്നു.
പാദരക്ഷാ മോഡലുകൾക്ക് ജൂലായ് ഒന്നുമുതൽ ബി.ഐ.എസ്. ലൈസൻസ് നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. 24ഓളം മാനദണ്ഡങ്ങളാണ് ബി.ഐ.എസിനുള്ളത്.
വൻകിട ബ്രാൻഡുകൾക്ക് സാധ്യമാകുന്ന മാനദണ്ഡങ്ങളാണ് ചെറുകിടക്കാരിലും നടപ്പിലാക്കുന്നത്. 300 രൂപയുടെയും 6,000 രൂപയുടെയും പാദരക്ഷകൾക്ക് ഒരേ മാനദണ്ഡമാണ് മുന്നോട്ടുവയ്ക്കുന്നത്.
ക്വാളിറ്റി സ്റ്റാൻഡേർഡുകളിൽ വലിയ അവ്യക്തതകൾ നിലനിൽക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.
മറ്റ് രാജ്യങ്ങളിലൊന്നും ഇത്തരം ക്വാളിറ്റി നിബന്ധന ഇല്ലെന്നിരിക്കേ ഇന്ത്യയിൽ മാത്രം ഇത് നടപ്പാക്കുന്നതിൽ നിർമാതാക്കളെല്ലാം ആശങ്കയിലാണ്.
കേരളത്തിലെ പാദരക്ഷാ വ്യവസായം 2022-23ൽ വിപണി മൂല്യം 3,000 കോടി രൂപ കടന്നു. 2021ൽ ഇത് 1500 കോടി മാത്രമായിരുന്നു. 2013-14ൽ ആണ് ആദ്യമായി വിപണിമൂല്യം 700 കോടി രൂപ കടന്നത്.
130ഓളം പാദരക്ഷാ നിർമ്മാണക്കമ്പനികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 100ഓളവും പ്രവർത്തിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ആയിരത്തോളം ഹോൾസെയിൽ കച്ചവടക്കാരും 25,000ഓളം റീട്ടെയ്ൽ കച്ചവടക്കാരും ഈ മേഖലയിലുണ്ട്.
10 മുതൽ 20 തൊഴിലാളികളുള്ള ചെറുകിട നിർമ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഏറെയും. 25,000ഓളം പേർ ഈ മേഖലയിൽ നേരിട്ടും 50,000ഓളം പേർ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്.
ആഗോള തലത്തിൽ പാദരക്ഷാ ഉത്പാദനത്തിൽ ചൈനയ്ക്കു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
പ്രതിവർഷം 1.6 കോടി ജോഡി പാദരക്ഷകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ 30 ലക്ഷം പേർ തൊഴിലെടുക്കുന്നു. രാജ്യത്ത് ടെക്‌സ്റ്റൈൽ മേഖലയ്ക്കു പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിൽദാതാവ് പാദരക്ഷ മേഖലയാണ്.