Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏർപ്പെടുത്താൻ കേരളം; ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേരളം പിന്നോട്ടില്ല.

വ്യാപാര ആവശ്യത്തിനായി കൊണ്ടുപോകുന്ന സ്വര്‍ണത്തിന് മാത്രമേ ഇ-വേ ബില്‍ ബാധകമാകൂ എന്നും ഉപയോക്താക്കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരില്ലെന്നും സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ജിഎസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞവര്‍ഷത്തെ ജി.എസ്‍ടി കൗൺസിലില്‍ കേരളമാണ് ഉന്നയിച്ചത്.

ഇത് കൗണ്‍സില്‍ അംഗീകരിച്ചെങ്കിലും പരിധി രണ്ടുലക്ഷം രൂപയ്ക്കുമേല്‍ എന്നാക്കി നിശ്ചയിച്ചു.
അതായത്, 30 ഗ്രാം സ്വര്‍ണം (ഏതാണ്ട് 4 പവന്‍) കൊണ്ടുപോകുന്നവരും ഇ-വേ ബില്‍ കരുതേണ്ടി വരും.

ഇത് അപ്രായോഗികമാണെന്നും പരിധി 500 ഗ്രാമായി (62.5 പവന്‍) ഉയര്‍ത്തണമെന്നും യോഗത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇ-വേ ബില്‍ ജനറേറ്റ് ചെയ്യാന്‍ സ്വര്‍ണത്തിന്‍റെ തുകയ്ക്ക് പകരം തൂക്കം കണക്കാക്കി പരിധി ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് മന്ത്രി മറുപടി നല്‍കി.

ചട്ടലംഘനം നടത്തുന്നവര്‍ക്കുമേല്‍ 200 ശതമാനം പിഴ ഈടാക്കുന്നതും പുനഃപരിശോധിക്കണമെന്ന് യോഗത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന.

വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ ഇ-വേ ബില്‍ നടപ്പാക്കൂ എന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

സംസ്ഥാന ധനവകുപ്പിന്‍റെ വിലയിരുത്തല്‍ പ്രകാരം 2020-21ല്‍ കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം ലഭിക്കേണ്ടിയിരുന്ന മൊത്തം ജിഎസ്‍ടി 3,000 കോടി രൂപയും സംസ്ഥാന ജിഎസ്‍ടിയായി 1,500 കോടി രൂപയുമായിരുന്നു.

എന്നാല്‍ സംസ്ഥാന ജിഎസ്‍ടിയായി വെറും 393 കോടി രൂപയേ ആ വര്‍ഷം കിട്ടിയുള്ളൂ. അതോടെയാണ്, നികുതിച്ചോര്‍ച്ച ഒഴിവാക്കാനെന്നോണം കേരളം ഇ-വേ ബില്ലിനായി രംഗത്തെത്തിയത്.

X
Top