
കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മികവ് തുടർന്ന് കേരളം. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയുമായി 2,485 കോടി രൂപയാണ് കേരളത്തിൽ സമാഹരിക്കപ്പെട്ടത്. 2021 ഒക്‌ടോബറിൽ 1,932 കോടി രൂപയായിരുന്നു. സെപ്‌തംബറിൽ 27 ശതമാനം വളർച്ചയോടെ 2,246 കോടി രൂപയും കേരളത്തിൽ സമാഹരിക്കപ്പെട്ടിരുന്നു.
ജൂലായിൽ 2,161 കോടി രൂപയും (വളർച്ച 29 ശതമാനം) ആഗസ്‌റ്റിൽ 2,036 കോടി രൂപയും (വളർച്ച 26 ശതമാനം) കേരളത്തിൽ നിന്ന് ലഭിച്ചിരുന്നു. 19 ശതമാനം വളർച്ചയോടെ 23,037 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്‌ട്ര ഒന്നാംസ്ഥാാനം നിലനിറുത്തി.
33 ശതമാനം വളർച്ചയോടെ 10,996 കോടി രൂപ നേടി കർണാടക രണ്ടാമതും 25 ശതമാനം കുതിപ്പോടെ 9,540 കോടി രൂപ സമാഹരിച്ച് തമിഴ്നാട് മൂന്നാമതുമാണ്. 9,469 കോടി രൂപയുമായി ഗുജറാത്താണ് നാലാമത്; വളർച്ച 11 ശതമാനം. 16 ശതമാനം വളർച്ചയോടെ 7,839 കോടി രൂപ സമാഹരിച്ച് ഉത്തർപ്രദേശ് അഞ്ചാമതുണ്ട്. ആൻഡമാൻ ആൻഡ് നിക്കോബാർ, ഛത്തീസ്ഗഢ്, അസം, മിസോറം, മണിപ്പൂർ, ബിഹാർ, ജമ്മു ആൻഡ് കാശ്‌മീർ എന്നിവ നെഗറ്റീവ് വളർച്ചയാണ് കുറിച്ചത്.
ദേശീയ സമാഹരണം ₹1.51 ലക്ഷം കോടി
ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 1,51,718 കോടി രൂപയാണ്. ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണിത്. ഈവർഷം ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയരം.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 26,039 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 33,396 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 81,778 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 10,505 കോടി രൂപയും ലഭിച്ചു.
തുടർച്ചയായ എട്ടാംമാസമാണ് ജി.എസ്.ടി സമാഹരണം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. സമാഹരണം 1.5 ലക്ഷം കോടി രൂപ കടന്നത് ജി.എസ്.ടിയുടെ ചരിത്രത്തിൽ രണ്ടാംവട്ടം.
സമാഹരണം നടപ്പുവർഷം:
(തുക ലക്ഷം കോടിയിൽ)
ഏപ്രിൽ : ₹1.67
മേയ് : ₹1.40
ജൂൺ : ₹1.44
ജൂലായ് : ₹1.48
ആഗസ്‌റ്റ് : ₹1.43
സെപ്തംബർ : ₹1.47
ഒക്‌ടോബർ : ₹1.51
സെപ്തംബറിലെ സാമ്പത്തിക ഇടപാടുകളുടെ ജി.എസ്.ടി സമാഹരണമാണ് ഒക്‌ടോബറിൽ നടന്നത്. സെപ്തംബറിൽ 8.3 കോടി ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടു. ആഗസ്‌റ്റിൽ 7.7 കോടിയും ജൂലായിൽ 7.5 കോടിയുമായിരുന്നു.
ഇ-വേ ബില്ലുകൾ കൂടുന്നതും ജി.എസ്.ടി സമാഹരണം വർദ്ധിക്കുന്നതും രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് കേന്ദ്രസർക്കാർ കാണുന്നത്.