Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്

തിരുവനന്തപുരം: രാജ്യത്ത് ജിഎസ്ടി സമാഹരണ വളർച്ചാനിരക്കിൽ ഒക്ടോബറിൽ‌ കേരളം രണ്ടാംസ്ഥാനത്ത്. 20 ശതമാനമാണ് കേരളത്തിന്റെ വളർച്ച. 30% വർധന രേഖപ്പെടുത്തിയ ലഡാക്ക് ആണ് ഒന്നാമത്.

അതേസമയം, വലിയ (മേജർ) സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചാൽ കേരളമാണ് വളർച്ചാനിരക്കിൽ മുന്നിൽ. 17% വളർച്ച രേഖപ്പെടുത്തിയ ഗുജറാത്താണ് ഈ വിഭാഗത്തിൽ‌ തൊട്ടടുത്തുള്ളത്.

ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് 12%, കർണാടക 9%, തെലങ്കാന 7%, തമിഴ്നാട് 4% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ലക്ഷദ്വീപ് കുറിച്ചത് 13 ശതമാനം ഇടിവാണ്. 2023 ഒക്ടോബറിലെ 2,418 കോടി രൂപയിൽ നിന്നാണ് 20% വർധിച്ച് കഴിഞ്ഞമാസം കേരളത്തിലെ ചരക്ക്-സേവന നികുതി (ജിഎസ്ടി) പിരിവ് 2,896 കോടി രൂപയിലെത്തിയത്.

അതേസമയം, ദേശീയതലത്തിൽ 1.87 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം ജിഎസ്ടിയായി പിരിച്ചത്. 2023 ഒക്ടോബറിലെ 1.72 ലക്ഷം കോടി രൂപയേക്കാൾ 8.9% അധികം. 1.73 ലക്ഷം കോടി രൂപയായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പിരിച്ചെടുത്തത്.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 33,821 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി), 41,864 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ് (എസ്ജിഎസ്ടി). സംയോജിത ജിഎസ്ടിയായി (ഐജിഎസ്ടി) 99,111 കോടി രൂപ പിരിച്ചു. സെസ് ഇനത്തിൽ സമാഹരിച്ചത് 12,550 കോടി രൂപ.

നടപ്പുവർഷം (2024-25) ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആകെ ജിഎസ്ടിയായി സമാഹരിച്ചത് 12.74 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 11.64 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 9.4% അധികം.

നടപ്പുവർഷം ഏപ്രിലിൽ ലഭിച്ച 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ സമാഹരണം. 2017 ഏപ്രിൽ ഒന്നിനായിരുന്നു ജിഎസ്ടി പ്രാബല്യത്തിൽ വന്നത്.

കഴിഞ്ഞമാസവും ഏറ്റവുമധികം ജിഎസ്ടി സമാഹരിക്കപ്പെട്ട സംസ്ഥാനം വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയാണ് (30,030 കോടി രൂപ). കർണാടക 13,081 കോടി രൂപയുമായി രണ്ടാമതും ഗുജറാത്ത് 11,407 കോടി രൂപയുമായി മൂന്നാമതുമാണ്.

ഒരുകോടി രൂപ മാത്രം പിരിച്ചെടുത്ത ലക്ഷദ്വീപിന്റെ പങ്കാണ് ഏറ്റവും കുറവ്.

X
Top