
കൊച്ചി: ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ് ചെയ്തു. ഇക്കൊല്ലവും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ‘ടോപ്പ് അച്ചീവർ’ അംഗീകാരം നേടാനുള്ള പ്രധാന നീക്കമാണിത്.
ഇനി ഈ വർഷത്തെ സംരംഭകരുടെ വിവരങ്ങൾ കൂടി നൽകണം. ഡൽഹിയിൽ നിന്ന് നൂറോളം സംരംഭകരെ വിളിച്ച് അവരുടെ അനുഭവം ചോദിക്കും. 70% പേരെങ്കിലും അനുകൂലമായി പ്രതികരിക്കണം. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾക്ക് 70% മാർക്കും പരിഷ്കരണം നടപ്പാക്കിയതു സംബന്ധിച്ച രേഖകൾ പരിശോധനയിൽ ശരിയെങ്കിൽ 30% മാർക്കും ലഭിക്കും.
പരിഷ്കരണ നടപടികൾ (റിഫോം ആക്‌ഷൻ പോയിന്റ്) വൈകുന്നതു കണ്ട് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് വേഗത്തിലായത്.
പരിഷ്കരണം പൂർത്തിയാകേണ്ട അവസാന തീയതി മാർച്ച് 15 ആണെങ്കിലും സംരംഭകരുടെ പ്രതികരണം കൂടി അറിയേണ്ടതും അതിനകമാണ്.
ബിസിനസ് രംഗത്ത് 26 മേഖലകളിലും റഗുലേറ്ററി ബാധ്യതകളിൽ 23 മേഖലകളിലുമായി 435 പരിഷ്കരണ നടപടികളാണു വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കേണ്ടത്. അതിൽ പലതും കേരളം നേരത്തേ തന്നെ നടപ്പാക്കിയതാണ്.
തദ്ദേശ വകുപ്പിനും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനുമാണ് ഭൂരിപക്ഷം പരിഷ്കരണവും. ആകെ പരിഷ്കരണങ്ങളിൽ 90% നടപ്പാക്കിയാൽ ടോപ്പ് അച്ചീവർ ഗണത്തിൽപ്പെടും.
മേയ് അവസാനമാണ് സംസ്ഥാനങ്ങളുടെ റാങ്ക് പ്രഖ്യാപിക്കുക.
കഴിഞ്ഞ വർഷം 9 വിഭാഗങ്ങളിലെ പരിഷ്കരണത്തിൽ കേരളം ഒന്നാമതെത്തിയപ്പോഴാണ് സംസ്ഥാനങ്ങളിൽ ഒന്നാം റാങ്ക് ലഭിച്ചത്.