
കോട്ടയം: ഇരുചക്ര വൈദ്യുതവാഹനങ്ങളോട് രാജ്യത്തേറ്റവും പ്രിയം കേരളത്തിന്. ഇത്തരം വാഹനങ്ങളുടെ എണ്ണത്തിലെ വർധനവില്‍ കേരളം ഒന്നാമത്. കഴിഞ്ഞ സാമ്പത്തികവർഷം 13.5 ശതമാനമാണ് കേരളത്തിലെ വർധന.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) യെസ്ബാങ്കും ചേർന്നുനടത്തിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ ആകെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനവും ഈ അഞ്ചുസംസ്ഥാനങ്ങളിലാണ്.
മൊത്തം വൈദ്യുതവാഹനങ്ങളുടെ വർധനനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്താണ്. 11.1 ശതമാനമാണ് വർധന. ഡല്‍ഹിയാണ് ഒന്നാമത് (11.5 ശതമാനം).
രാജ്യത്ത് ആദ്യമായി വൈദ്യുതവാഹനനയം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. നോഡല്‍ ഏജൻസിയായ കെ.എസ്.ഇ.ബി. സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ച ചാർജിങ് സ്റ്റേഷനുകള്‍ വൈദ്യുതവാഹനങ്ങളോട് ഇഷ്ടംകൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
വില്‍പ്പനയില്‍ 5.4 ശതമാനം വർധന
ഇരുചക്ര വൈദ്യുതവാഹനങ്ങളുടെയും യാത്രാവാഹനങ്ങളുടെയും ആകെ വില്‍പ്പനയിലും കേരളമാണ് മുന്നില്‍. 5.4 ശതമാനമാണ് വർധന.
കർണാടക (3.7 ശതമാനം), ഡല്‍ഹി (മൂന്നു ശതമാനം), ഛത്തീസ്ഗഢ്, മഹാരാഷ്ട്ര (2.9 ശതമാനം വീതം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഇലക്‌ട്രിക് മുച്ചക്രവാഹന വില്‍പ്പനയില്‍ ഛത്തീസ്ഗഢ് ആണ് മുന്നില്‍.