
കൊച്ചി: തലമുടിയും, മുഖവുമൊക്കെ മനോഹരമാക്കി അണിയിച്ചൊരുക്കുക ഒരു കല മാത്രമല്ല മറിച്ചു വിശാലവും വിശദവുമായ ഒരു ശാസ്ത്രം കൂടിയാണെന്ന് പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂൺ സംരഭകനുമായ ജാവേദ് ഹബീബ് അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിന്ന് ആരംഭിച്ചു രാജ്യമൊട്ടാകെ വളർന്നുകൊണ്ടിരിക്കുന്ന ക്ലാമി ന്യൂയോർക്ക് എന്ന കോസ്മെറ്റിക് സംരംഭം കൊച്ചിയിൽ സംഘടിപ്പിച്ച ഹെയർ സ്പെഷ്യലിസ്റ്റുകളുടെ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്നായി വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നവരാണ് മലയാളികൾ. അത് കൊണ്ട് തന്നെ സലൂണുകൾക്ക് വളരാൻ കഴിയുന്ന അനുകൂല സാഹചര്യമാണ് കേരളത്തിൽ. ഇന്ത്യയിലെ മികച്ച മാർക്കറ്റുകളിൽ ഒന്നാണ് കേരളം. കൂടുതൽ സംരംഭകർ ഈ മേഖലയിലേക്ക് വരണം. അതിനായി കേരളത്തിൽ താൻ 10 പുതിയ അക്കാദമികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ജാവേദ് ഹബീബ് പറഞ്ഞു. അടുത്ത വർഷങ്ങളിൽ ഇന്ത്യയിലൊട്ടാകെ 100 പുതിയ ഫ്രാഞ്ചൈസികളും പുതിയതായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആരംഭിച്ച ക്‌ളാമി ന്യൂയോർക്ക് ഹെയർ സലൂണുകൾക്കാവശ്യമായ 107 ൽപ്പരം ഉത്പന്നങ്ങൾ നിർമ്മിച്ച് ഇന്ത്യയിലകമാനം വിതരണം ചെയ്തുവരുന്നു.
നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോരുത്തരുടെയും മുഖത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന സാങ്കേതിക വിദ്യ ക്‌ളാമി ന്യൂയോർക്ക് വികസിപ്പിച്ചിട്ടുണ്ടെന്ന് ക്ലാമി കോസ്മെറ്റിക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അനീഷ് കെ ജോയ് പറഞ്ഞു. ക്ലാമി ന്യൂയോർക്ക് ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം 1000 കോടിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്ലാമിയുടെ ഏറ്റവും പുതിയ ‘നാനോലെക്സ്’ എന്ന ഉൽപ്പന്നത്തിന്റെ പ്രകാശനം ജാവേദ് ഹബീബ് നിർവഹിച്ചു. ഇന്ത്യയിൽ മുടിയുടെ റിപ്പയറിംഗ്, സ്‌ട്രെങ്തനിങ്, സ്മൂത്തനിംഗ്, സ്ട്രൈറ്റനിംഗ് എന്നിവ എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ ഉൽപ്പന്നം കൂടിയാണ് ഇത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 300 ലധികം പേർ ശില്പശാലയിൽ പങ്കെടുത്തു.