കൊച്ചി: ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി.
മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും.
മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അമേരിക്കയിലേക്കുള്ള ഈ ചുവടുവയ്പ്പ്.
അമേരിക്കയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ധാരാളം പുതിയ ബിസിനസ് സാധ്യതകളാണ് തുറക്കുന്നത്. ഇത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ് ഓഫീസുകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും.
ചെറിയ കാലയളവിനുള്ളിൽ ആഗോള വാഹനവിപണിയിൽ പേരെടുത്ത കഴിഞ്ഞ ആക്സിയ ടെക്‌നോളജീസിന്റെ മാർക്കറ്റ് മേധാവിത്വം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ഈ നീക്കം.
കഴിവും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാർ തൊഴിലന്വേഷിച്ച് രാജ്യം വിട്ടുപോകുന്നത് തടയാനും നാട്ടിൽ തന്നെ ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനനിർമാതാക്കളുമായും ആക്സിയ ടെക്‌നോളജീസുമായി പങ്കാളിത്തമുള്ള മുൻനിര കമ്പനികളുമായും ജോലി ചെയ്യാനുള്ള അവസരങ്ങളാണ് എഞ്ചിനീയർ ബിരുദധാരികൾക്ക് ലഭ്യമാകുന്നത്.