തിരുവനന്തപുരം: കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്സ് റിപ്പോർട്ട് നിയമസഭയില്‍ വെക്കണമെന്ന് കേന്ദ്രം.
ജൂലായില്‍ തയ്യാറായ റിപ്പോർട്ടില്‍ സി.എ.ജി ഇനിയും ഒപ്പിടാത്തതിനാല്‍ നിയമസഭയില്‍ വെക്കാനാവാതെ കുരുക്കില്‍പ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ആദ്യമായാണ് ഇത്തരമൊരു നിബന്ധന കേന്ദ്രം വെക്കുന്നത്.
ട്രഷറി, പി.എഫ്. നിക്ഷേപങ്ങള്‍ അടങ്ങുന്ന പബ്ലിക് അക്കൗണ്ടിന്റെ വളർച്ചകൂടി കണക്കിലെടുത്താണ് കടത്തിന് പരിധി നിശ്ചയിക്കുന്നത്. 12,000 കോടി പ്രതീക്ഷിച്ചാണ് കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചത്.
എന്നാലിത് യഥാർഥത്തില്‍ 296 കോടിയേ ഉള്ളൂവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. പബ്ലിക് അക്കൗണ്ടില്‍ പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാല്‍ ഈവർഷം 11,500 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷനല്‍കി.
ഈ അപേക്ഷ പരിഗണിക്കാനാണ് കേന്ദ്രം മുമ്ബെങ്ങുമില്ലാത്ത നിബന്ധനവെച്ചതെന്ന് സർക്കാർവൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനം റിപ്പോർട്ട് നിയമസഭയില്‍ വെക്കാൻ തയ്യാറാണെങ്കിലും റിപ്പോർട്ടില്‍ സി.എ.ജി. ഒപ്പിട്ടാലേ അതിനുകഴിയൂ. എന്തുകൊണ്ട് ഒപ്പിടാൻ വൈകുന്നതെന്ന് വ്യക്തമല്ലെന്നും സർക്കാർവൃത്തങ്ങള്‍ പറയുന്നു.
റിപ്പോർട്ട് കിട്ടാത്തതിനാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വെക്കാനായില്ല. ഇനി കിട്ടിയാല്‍ നിയമസഭയില്‍ വെക്കണമെങ്കില്‍ പ്രത്യേക സമ്മേളനം ചേരണം. അല്ലെങ്കില്‍ അടുത്ത സമ്മേളനംവരെ കാത്തിരിക്കണം.
ഇതുവരെ അനുവദിച്ച കടം കേരളം എടുത്തുകഴിഞ്ഞു. നവംബറില്‍ ശമ്ബളവും പെൻഷനും നല്‍കിയാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകുന്ന സ്ഥിതിയാണ്. ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒപ്പിടാൻ അയച്ചിട്ട് നാലുമാസം
സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കുന്ന റിപ്പോർട്ടില്‍ ഒപ്പുവെക്കേണ്ടത് കേന്ദ്രത്തിലെ സി.എ.ജി.യാണ്. എ.ജി. തയ്യാറാക്കുന്ന കരട് റിപ്പോർട്ട് സംസ്ഥാനത്തിന് നല്‍കും.
ഇതില്‍ സംസ്ഥാനം അഭിപ്രായം അറിയിക്കണം. അത് സി.എ.ജി.ക്ക് അയക്കും. സി.എ.ജി. ഒപ്പിടുമ്ബോഴാണ് റിപ്പോർട്ട് അന്തിമമാകുന്നത്. ഇതാണ് നിയമസഭയില്‍ വെക്കേണ്ടത്.
ജൂലായില്‍ സംസ്ഥാനത്തിന് കരട് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇത് സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ചു. സി.എ.ജി.ക്ക് അയച്ചെങ്കിലും ഇതുവരെ ഒപ്പിട്ടിട്ടില്ല.