
മുംബൈ: കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി ഇന്ന് 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്.
റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കിയാണിത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
അരുണാചൽ പ്രദേശ് 395 കോടി രൂപ, ബിഹാർ 2,000 കോടി രൂപ, ഹിമാചൽ പ്രദേശ് 500 കോടി രൂപ, ജമ്മു കശ്മീർ 400 കോടി രൂപ, കർണാടക 4,000 കോടി രൂപ, മേഘാലയ 635 കോടി രൂപ, മിസോറം 140 കോടി രൂപ എന്നിങ്ങനെ നാളെ കടമെടുക്കുന്നുണ്ട്.
3,000 കോടി രൂപയാണ് രാജസ്ഥാന്റെ ലക്ഷ്യം. തമിഴ്നാട് 2,000 കോടി രൂപയുടെയും തെലങ്കാന 1,500 കോടി രൂപയുടെയും കടപ്പത്രങ്ങളിറക്കും. ഉത്തർപ്രദേശ് 3,000 കോടി രൂപ, ബംഗാൾ 1,500 കോടി രൂപ എന്നിങ്ങനെയാണ് കടമെടുപ്പ്. 4 മുതൽ 25 വർഷം വരെ കാലാവധിയുള്ള കടപ്പത്രങ്ങളാണ് ഈ സംസ്ഥാനങ്ങൾ ഇന്ന് പുറത്തിറക്കുക.
നടപ്പു സാമ്പത്തിക വർഷം (2024-25) ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എങ്കിലും, കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സർക്കാരിന്റെ തന്നെ കടമെടുപ്പായി കണക്കാക്കി ഇതിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
അതോടെ, നടപ്പുവർഷം എടുക്കാവുന്ന കടം 28,512 കോടി രൂപയായി കുറഞ്ഞു. എന്നാൽ, ഓണക്കാലത്തെ സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത് അംഗീകരിച്ച കേന്ദ്രം, അധികമായി 4,200 കോടി രൂപയെടുക്കാൻ അനുവദിച്ചിരുന്നു. അതോടെ, ആകെ എടുക്കാവുന്ന കടം 32,712 കോടി രൂപയായി.
ഇപ്പോൾ 1,255 കോടി രൂപ കൂടി എടുക്കുന്നതോടെ ഈ വർഷത്തെ കടമെടുപ്പ് 32,002 കോടി രൂപയാകും. അതായത്, ശേഷിക്കുക വെറും 710 കോടി രൂപ. ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും.
അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. ജനുവരി മുതൽ മാർച്ചുവരെ ഇനി മൂന്നുമാസം കൂടി മുന്നിലുണ്ടെന്നിരിക്കേയും കടമെടുക്കാൻ ശേഷിക്കുന്നത് 710 കോടി രൂപ മാത്രമായതിനാലും സംസ്ഥാന സർക്കാരിന്റെ ഇനിയുള്ള നീക്കങ്ങൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.