തിരുവനന്തപുരം: വീട്ടിൽ കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടതിനാൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്ത്രീകൾക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്നതായി കണ്ടെത്തൽ. കേരള നോളജ് ഇക്കോണമി മിഷൻ സ്ത്രീ തൊഴിലന്വേഷകർക്കിടയിൽ സംഘടിപ്പിച്ച സർവേയിലാണ് ഈ വിവരം.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ കേരളമാണെന്ന് നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ തൊഴിൽ സേനാ സർവേയിലും കണ്ടെത്തിയിരുന്നു.
സർവേയോടു പ്രതികരിച്ചവരിൽ 57 ശതമാനം പേരും ജോലി ഉപേക്ഷിച്ചതിന് കാരണം പറഞ്ഞത് വീട്ടുജോലിയുടെ ഭാരമാണ്. വിവാഹവും വിവാഹത്തെത്തുടർന്നുള്ള സ്ഥലംമാറ്റവും വഴി 20 ശതമാനം പേർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.
കുടുംബത്തിൽനിന്നുള്ള എതിർപ്പും കുറഞ്ഞ വേതനവുമാണ് മറ്റു കാരണങ്ങൾ. തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ് 96.5 ശതമാനം പേരും.
തൊഴിൽ ഉപേക്ഷിച്ചവർ 25-40 പ്രായത്തിലുള്ളവരാണ്. ഇതിൽത്തന്നെ 30-34 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ.
വിവാഹശേഷമോ കുഞ്ഞു ജനിച്ചതിനുശേഷമോ ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. 4458 സ്ത്രീകൾ സർവേയിൽ പങ്കെടുത്തു.