- ഉദരരോഗ വിഭാഗം 1100 കാൻസർ ശസ്ത്രക്രിയകൾ പൂർത്തിയാക്കി
- സംസ്ഥാനത്തെ ഇടത്തരം ആശുപത്രികൾക്ക് ആസ്റ്ററിൻ്റെ പിന്തുണ
കൊച്ചി: വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധ തരം കാൻസർ രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ചികിത്സാ കേന്ദ്രവുമായി ആസ്റ്റർ മെഡ്സിറ്റി. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ചികിത്സാ സംവിധാനം ഒരുങ്ങുന്നത്.
രണ്ട് ചികിത്സാ മേഖലകൾ ഒറ്റ കുടക്കീഴിൽ പ്രവർത്തിക്കുന്നതിനാൽ കാൻസർ രോഗികൾക്ക് നൂതനവും കൂടുതൽ ഫലപ്രദവുമായ ചികിത്സ ലഭിക്കും. സംസ്ഥാനത്ത് ഉദര സംബന്ധിയായ കാൻസർ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ആസ്റ്ററിൻ്റെ ഈ മുൻകൈ. വൻകുടലിലും മലാശയത്തിലും കാൻസർ രോഗം ബാധിച്ചവരാണ് കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ രണ്ടാമത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്യാസ്ട്രോ, ഓങ്കോളജി ചികിത്സാ വിഭാഗങ്ങൾ സെൻറർ ഫോർ എക്സലൻസ് സ്റ്റാറ്റസിൽ ഉള്ളവയത്രെ.
മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ മുഴുവൻ വിദഗ്ദ്ധ ഡോക്ടർമാരുടേയും സേവനം ഓരോ രോഗിക്കും ലഭ്യമാകും.
ഈ വിഭാഗങ്ങളിലെ ഡോക്ടർമാർ ചേരുന്ന ട്യൂമർ ബോർഡ് ചികിത്സ മോണിറ്റർ ചെയ്യും. വിവിധ വിഭാഗങ്ങളെ സമന്വയിപ്പിക്കുന്ന ചികിത്സ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് കണക്കുകൂട്ടുന്നു.
വൻകുടലിലും മലാശയത്തിലുമുള്ള അർബുദം നീക്കം ചെയ്യുന്നതിനായി ഉദരരോഗ വിഭാഗം 1100 ശസ്ത്രക്രിയകൾ ആസ്റ്ററിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമന്വയ ചികിത്സയുമായി ആസ്റ്റർ മുന്നോട്ട് വരുന്നത്.
ഏറ്റവും നൂതനമായ ചികിത്സാ സങ്കേതങ്ങൾ അനുബന്ധ വിഭാഗങ്ങളിലെല്ലാം വന്നു കഴിഞ്ഞു. റോബോട്ടിക് സർജറിയും വ്യാപകമായി. ഇക്കാര്യങ്ങളിൽ ആസ്റ്റർ മെഡ്സിറ്റി ബഹുദൂരം മുന്നിലാണെന്ന് മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ജി എൻ രമേശ് പറഞ്ഞു.
രോഗം പ്രാഥമിക ഘട്ടത്തിലാണെങ്കിൽ ട്യൂമർ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. അർബുദം ബാധിച്ചു കഴിഞ്ഞവർക്ക് കീമോതെറാപ്പിയും കീഹോൾ സർജറിയും വഴി പരിഹരിക്കാം. സംയോജിത ചികിത്സാ രീതിയാണ് ഇവിടെയെല്ലാം അവലംബിക്കുന്നത്.
പ്രീ ഓപ്പറേറ്റിവ് നിയോ അഡ്ജൂവൻ്റ് തെറാപ്പി, ടാർഗെറ്റഡ് കീമോതെറാപ്പി എന്നീ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. അരുൺ വാര്യർ പറഞ്ഞു.
ആസ്റ്റർ മെഡ്സിറ്റിയിലെ ഈ ഉന്നത ചികിത്സാ സംവിധാനങ്ങൾ സംസ്ഥാനത്തെ ചെറുകിട ഇടത്തരം ആശുപത്രികൾക്ക് മുഴുവൻ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള – ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസിർ പറഞ്ഞു.
രോഗികൾക്ക് ഒറ്റ രജിസ്ട്രേഷനിൽ സമഗ്ര ചികിത്സ ലഭ്യമാക്കും. ട്യൂമർ ബോർഡിൻ്റെ വിശദമായ മോണിറ്ററിങ്ങ്, ഏകോപിത ചികിത്സ, തുടർ ഫോളോ അപ്പ് എന്നിവ ലഭിക്കും. ചികിത്സാ ചെലവ് കുറയുകയും ചെയ്യും.
ഈ രംഗത്ത് തങ്ങൾക്കുള്ള വൈദഗ്ദ്ധ്യം സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ആശുപത്രികളുമായി പങ്കുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ആസ്റ്റർ ഗ്രൂപ്പ്.
ഇത്തരം ആശുപത്രികൾക്ക് ആസ്റ്ററിലെ ഡോക്ടർമാരുടെ വിദഗ്ദ്ധോപദേശം ലഭ്യമാക്കുന്നതിന് പുറമെ ഇൻഫ്രാസ്ട്രക്ചർ ലഭ്യമായ ആശുപത്രികളിൽ ഈ ഡോക്ടർമാരുടെ നേതൃത്വത്തിൽ സർജറി പൂർത്തിയാക്കാനും കഴിയും.