
കൊച്ചി: കേരളത്തില്‍നിന്നുള്ള റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സ് സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് ആരംഭിച്ചു.
മൂവാറ്റുപുഴ ഇലാഹിയ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലാണ്(ഐസിഇടി) പാര്‍ക്ക് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ കാമ്പസുകളില്‍ വ്യവസായ പാര്‍ക്കെന്ന ആശയത്തിന്റെ ഭാഗമായാണു പാര്‍ക്ക് സ്ഥാപിച്ചത്.
റോബോട്ടിക്സ് സാങ്കേതികവിദ്യയില്‍ നിര്‍മിത ബുദ്ധി കൂടുതല്‍ ഫലവത്തായി സമന്വയിപ്പിക്കാനുള്ള ഗവേഷണങ്ങൾ വ്യവസായ പാര്‍ക്കില്‍ നടക്കും. മൂന്നു കോടി രൂപ നിക്ഷേപത്തിലാണ് പാര്‍ക്ക് തുടങ്ങുന്നത്. വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇന്റേണ്‍ഷിപ്പുകള്‍, ഗവേഷണം, ജോലി തുടങ്ങിയവ ഈ വ്യവസായ പാര്‍ക്കിലൂടെ നല്‍കും.
ഐസിഇടിയില് നടന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഒഒ ടോം തോമസ് ഉദ്ഘാടനം ചെയ്തു. മാലിന്യക്കുഴലുകള്‍ വൃത്തിയാക്കാനുള്ള ബാന്‍ഡികൂട്ട് എന്ന റോബോട്ടിലൂടെ പ്രശസ്തമായ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്.
ഹ്യൂമനോയിഡ്, സെമി ഹ്യൂമനോയിഡ് വിഭാഗത്തില്‍പ്പെടുന്ന റോബോട്ടുകളുടെ വികസനം, നൂതനാശയങ്ങളുടെ വാണിജ്യവത്കരണം, നിര്‍മിത ബുദ്ധിയെ സമന്വയിപ്പിക്കല്‍ എന്നിവയാണ് ജെന്‍ റോബോട്ടിക്സ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ കോളജുകളില്‍ സാങ്കേതിക ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യ കാല്‍വയ്പാണ് ഐസിഇടിയുമായുള്ള ഈ സംയുക്ത സംരംഭമെന്ന് ജെന്‍ റോബോട്ടിക്സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ എന്‍.പി. നിഖില്‍ പറഞ്ഞു.